അത്താഴപ്പഷ്ണിക്കാരുണ്ടോ... തട്ടുകടകള്‍ നിങ്ങളെ കാത്തിരിക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th July 2018 05:16 AM |
Last Updated: 12th July 2018 05:16 AM | A+A A- |

തിരുവനന്തപുരം: തലസ്ഥാന നഗരിയിലേക്ക് രാത്രി എത്തിച്ചേരുന്നവര്‍ ആരും
അത്താഴപ്പഷ്ണി കിടക്കണ്ട എന്നാണ് നഗരസഭയുടെയും പൊലീസിന്റെയും തീരുമാനം. വിശന്നു വലഞ്ഞ് എത്തുന്നവരെയും കാത്ത് രാത്രി പന്ത്രണ്ട് മണി വരെ തിരുവനന്തപുരം നഗരത്തിലെ തട്ടുകടകള്‍ കണ്ണുകള്‍ തുറന്നിരിക്കും. പതിനൊന്ന് മണിവരെയായിരുന്നു മുന്‍പ് തട്ടുകടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സുരക്ഷാപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി പരമാവധി തട്ടുകടകളില്‍ സിസിടിവി സ്ഥാപിക്കാമെന്ന് പ്രതിനിധികള്‍ അധികൃതരെ അറിയിച്ചതോടെയാണ് പുതിയ തീരുമാനം. ബസിലും ട്രെയിനിലും രാത്രി വൈകി നഗരത്തിലെത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് ദീര്‍ഘകാലമായി ഉള്ള പരാതിയായിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ പന്ത്രണ്ട് മണി വരെ തട്ടുകടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ധാരണയായത്.
സിസിടിവി തട്ടുകടകളില്‍ സ്ഥാപിക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും മൊബൈല്‍ തട്ടുകടകളിലും മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഉന്തുവണ്ടികളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ക്യമറ സ്ഥാപിക്കുന്നത് സാധ്യമാവില്ല. നഗര സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പൊലീസില്‍ അറിയിക്കണമെന്നും സ്ഥിതിഗതികള്‍ മോശമായാല്‍ തീരുമാനം പിന്‍വലിക്കുമെന്നും കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു.