പണമില്ലാതെ പെരുമഴയത്ത് നടുറോഡില്‍ നിന്ന  യുവാവിന് രക്ഷകനായത് കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍; ടിക്കറ്റ് നല്‍കിയത് സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത്

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ടിനു കമ്പനിയുടെ പരിപാടിക്കായാണ് എറണാകുളത്തെത്തിയത്
പണമില്ലാതെ പെരുമഴയത്ത് നടുറോഡില്‍ നിന്ന  യുവാവിന് രക്ഷകനായത് കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍; ടിക്കറ്റ് നല്‍കിയത് സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത്

കൊച്ചി; ചിലപ്പോള്‍ അങ്ങനെയാണ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന സമയത്ത് ചിലര്‍ ദൈവത്തെപ്പോലെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. പാതിരാത്രിയില്‍ പെരുമഴയത്ത് റോഡില്‍ നിന്ന വാകത്താനം സ്വദേശിയായ ടിനു ജോണിനോട് ചോദിച്ചാല്‍ കറക്റ്റായി പറഞ്ഞ് തരും ആ ദൈവത്തെക്കുറിച്ച്. കോട്ടയത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്റ്ററായ കെ.ആര്‍ മധുരാജ് എന്ന നല്ല മനുഷ്യനെക്കുറിച്ച്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ പണമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ടിനുവിനെ അവിടെ നിര്‍ത്തിപ്പോകാതെ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ടിക്കറ്റ് നല്‍കിയാണ് മധുരാജ് വ്യത്യസ്തനായത്. 

ചൊവ്വാഴ്ചയാണ് സംഭവമുണ്ടാകുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ടിനു കമ്പനിയുടെ പരിപാടിക്കായാണ് എറണാകുളത്തെത്തിയത്. കോട്ടയത്തേക്കുള്ള ബസ് പിടിക്കാനായി സുഹൃത്തിന്റെ കാറില്‍ ടിനു പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ എത്തി. എന്നാല്‍ സുഹൃത്തു പോയിക്കഴിഞ്ഞപ്പോഴാണ് പേഴ്‌സില്‍ പണമില്ലെന്ന് മനസിലായത്. അര്‍ധരാത്രി പെരുമഴയത്ത് ടിനു എടിഎമ്മില്‍ കയറിയിറങ്ങി. മൂന്ന് എടിഎമ്മില്‍ പോയെങ്കിലും പണം കിട്ടിയില്ല.

നാട്ടിലേക്കുള്ള ടിക്കറ്റ് എടുക്കാനുള്ള പണം പോലും പഴ്‌സില്‍ അവശേഷിച്ചിരുന്നില്ല. തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കൊയമ്പത്തൂരില്‍ നിന്ന് കോട്ടയത്തേക്കുള്ള കോട്ടയം ഡിപ്പോയിലെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കിടക്കുന്നു. വണ്ടി കണ്ടപ്പോള്‍ തന്നെ ടിനു മധുരാജിനോട് കാര്യം പറഞ്ഞു. എല്ലാം കേട്ടതിന് ശേഷം പണം എപ്പോള്‍ തരും എന്നു പോലും ചോദിക്കാതെ 72 രൂപയുടെ ടിക്കറ്റ് നല്‍കി. ഈ സമയത്ത് ടിനു തന്റെ സുഹൃത്തിനെ വിളിച്ച് പണവുമായി വരാന്‍ പറഞ്ഞു. 

പുലര്‍ച്ചെ കോട്ടയത്ത് എത്തിയപ്പോള്‍ പണം എപ്പോള്‍ തരും എന്നുപോലും ചോദിക്കാതെ മധുരാജ് ഓഫീസിലേക്ക് നടന്നു. മധുരാജിന്റെ പിന്നാലെ ഓടിയാണ് സുഹൃത്ത് കൊണ്ടുവന്ന പണം ടിനു അദ്ദേഹത്തിന് നല്‍കിയത്. പേരുപോലും പറയാതെ തന്റെ ജോലിയിലേക്ക് നീങ്ങിയ കണ്ടക്റ്ററെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീടാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ നിന്ന് വിലാസം തപ്പിയെടുക്കുകയായിരുന്നു. പ്രതിസന്ധി സമയത്ത് തന്റെ സഹായിക്കാനെത്തിയ നല്ല മനസിന്റെ ഉടമയ്ക്കായി സമ്മാനവുമായി കാത്തിരിക്കുകയാണ് ടിനു. 

പണമില്ലാതെ ബസില്‍ കയറുന്നവര്‍ക്ക് ഇതിന് മുന്‍പു സഹായം നല്‍കിയിട്ടുണ്ടെന്നാണ് മധുരാജ് പറയുന്നത്. ഭൂരിഭാഗം പേരും ടിക്കറ്റിന്റെ പണം മടക്കിത്തരാറുണ്ടെന്നും അഞ്ച് ശതമാനം മാത്രമാണ് പണം തരാതെ മുങ്ങുന്നതെന്നും മധുരാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com