മക്കൾ ഒപ്പം വേണം,അതിനായി വീട്ടമ്മ മെനഞ്ഞത് കവർച്ചക്കഥ;വായിൽ തുണിതിരുകി കൈകാലുകൾ കെട്ടി കമ്മൽ മോഷ്ടിച്ചെന്ന കഥ പൊളിച്ച് പൊലീസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 13th July 2018 10:06 AM |
Last Updated: 13th July 2018 10:06 AM | A+A A- |
കാസര്‍ഗോഡ്: മക്കളും വിദേശത്തായ ഭർത്താവും തന്റെ ഒപ്പം താമസിക്കണമെന്ന അതിയായ ആഗ്രഹത്താൽ വീട്ടമ്മ മെനഞ്ഞത് ഒന്നാന്തരം മോഷണക്കഥ.ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്‌ടാവ് തന്നെ ആക്രമിച്ച് രണ്ടു കമ്മലുമായി പോയെന്നായിരുന്നു വീട്ടമ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. . വീട്ടമ്മ നടത്തിയത് നാടകം തന്നെയാണെന്ന് കണ്ടു പിടിച്ചത് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റെ നേതൃത്വത്തിൽപോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണങ്ങൾക്ക് ഒടുവിൽ.മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം നടത്തിയതെന്നാണ് വീട്ടമ്മ പോലീസിനോട് വെളിപ്പെടുത്തിയത്.
വിദ്യാനഗര്‍ പോലീസ് സേ്‌റ്റഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) യാണ് മക്കള്‍ അടുത്തുണ്ടാകണമെന്ന് ആഗ്രഹിച്ച് കവര്‍ച്ചാ നാടകം നടത്തിയത്. തന്നെ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ തലക്കടിച്ച് വായില്‍ തുണി തിരുകി കൈയും കാലും കഴുത്തും കെട്ടിയിട്ട് രണ്ട് കമ്മല്‍ ഊരിയെടുത്ത് കൊണ്ടുപോയെന്നായിരുന്നു വീട്ടമ്മ പറഞ്ഞിരുന്നത്.
ദേഹമാസകലം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹറയുടെ ദേഹത്ത് ഡോക്‌ടര്‍ കൂടിയായ ജില്ലാ പോലീസ് ചീഫിന് പരിക്കൊന്നും കാണാന്‍ കഴിയാതിരുന്നതോടെ തന്നെ കവര്‍ച്ച നാടകമാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. കഠിനമായ വേദന ഇവര്‍ അഭിനയിക്കുകയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഇവരെ വീണ്ടും ചോദ്യം ചെയ്‌തപ്പോള്‍ പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്.
സുഹറയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി ഗള്‍ഫിലാണ്. ഒപ്പമുള്ള മകന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മകന്‍ ജോലി കഴിഞ്ഞു വരുമ്പോൾ രാത്രിയാകാറുണ്ട്. ഇതിനിടയില്‍ സുഹറയ്‌ക്ക് മാസങ്ങള്‍ക്ക് മുൻപ് മിന്നലേറ്റിരുന്നു. തുടര്‍ന്ന് വീട്ടില്‍ തനിച്ചു കഴിയാന്‍ ഇവര്‍ക്ക് ഭയമായിരുന്നു. വീട്ടിലെത്തിയ മകളോടും മരുമകനോടും ഒരാഴ്‌ച വീട്ടില്‍ താമസിക്കാന്‍ സുഹറ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മകളും മരുമകനും വീട്ടിലേക്ക് പോകുന്നതിന്റെ തലേനാളാണ് സുഹറ ഇത്തരമൊരു നാടകം കളിച്ചതൊന്നും പോലീസ് പറയുന്നു.
വീട്ടില്‍ തനിച്ചു താമസിക്കാന്‍ പേടിയായതു കൊണ്ട് മോഷണ നാടകം നടത്തിയാല്‍ മക്കളും ഭര്‍ത്താവും വീട്ടില്‍ ഒപ്പം തന്നെയുണ്ടാവുമെന്ന് കരുതിയാണ് ഇങ്ങനെയൊരു കഥയുണ്ടാക്കിയതെന്നാണ് സുഹറ പോലീസിനോട് പറഞ്ഞു.