ലൈംഗിക പീഡനം : ഒളിവിലുള്ള വൈദികർ ഉടൻ കീഴടങ്ങണമെന്ന് അന്വേഷണസംഘത്തിന്റെ അന്ത്യശാസനം ; ഒളിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് ക്രൈംബ്രാഞ്ച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th July 2018 09:42 AM |
Last Updated: 13th July 2018 09:42 AM | A+A A- |

കോട്ടയം : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള വൈദികർ ഉടൻ കീഴടങ്ങണമെന്ന് അന്വേഷണ സംഘത്തിന്റെ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. വൈദികർക്കായുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജ്ജിതമാക്കി. വൈദികരെ ഒളിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം മുന്നറിയിപ്പ് നൽകി.
അതിനിടെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് വൈദികർ കൂടി ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന. വൈദികരില്‍ ഒരാള്‍ കീഴടങ്ങിയത് മറ്റുള്ളവര്‍ക്ക് മേൽ സമ്മര്‍ദമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല.
കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണ് കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയത്.
ഇയാളെ കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. ലൈംഗിക പീഡന കേസിൽ ഫാ. ജോബ് ഉൾപ്പെടെ മൂന്ന് ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവർ കീഴടങ്ങാതെ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.