പരിശീലന കളരിയിലേക്ക് കോണ്‍ഗ്രസും; യുവാക്കളെ മതേതര ജനാധിപത്യം പഠിപ്പിക്കാന്‍ ട്രെയ്‌നിങ് സ്‌കൂള്‍ ആരംഭിച്ചു

നിശ്ചിതമാസങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കും
പരിശീലന കളരിയിലേക്ക് കോണ്‍ഗ്രസും; യുവാക്കളെ മതേതര ജനാധിപത്യം പഠിപ്പിക്കാന്‍ ട്രെയ്‌നിങ് സ്‌കൂള്‍ ആരംഭിച്ചു


ര്‍എസ്എസ്, സിപിഎം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാല യുവാക്കള്‍ക്ക് പരിശീലനവുമായി കോണ്‍ഗ്രസും. കണ്ണൂര്‍ ഡിസിസിയാണ് ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്. മതേതര ജനാധിപത്യ കാഴ്ചപ്പാടിനോട് പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ട്രെയ്‌നിങ് സ്‌കൂളുകളിലൂടെ ലക്ഷ്യമിടുന്നത്. 

പ്രാദേശികതലത്തില്‍നിന്ന് കഴിവുള്ള, 17നും 25നും മധ്യേ പ്രായമുള്ള യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. സിലബസ് പ്രകാരമായിരിക്കും പരിശീലനം നല്‍കുക. വെറും രാഷ്ട്രീയമായ കാഴ്ചപ്പാടല്ലാതെ, ദേശീയബോധം, പരിസ്ഥിതി അവബോധം, നേതൃശേഷി, പ്രതികരണശേഷി, സാമൂഹികബോധം എന്നിവ വളര്‍ത്തിയെടുക്കുന്ന വിഷയങ്ങള്‍ ഇതിലുണ്ടാകും. 30 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1948 മുതല്‍ 2018 വരെയുള്ള രാജ്യത്തിന്റെ ദേശീയ രാഷ്ട്രീയചരിത്രം ഒരു വിഷയമാണ്. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രത്യേക ട്രെയിനര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

നിശ്ചിതമാസങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കും. 200പേരുള്ള ആദ്യബാച്ച് പുറത്തിറങ്ങി. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും 23 ബ്ലോക്കുകളിലും 93 മണ്ഡലങ്ങളിലും പാര്‍ട്ടിനേതാക്കളെ കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇവരാണ് അതത് പ്രദേശത്തെ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇങ്ങനെ രണ്ടാം ഘട്ടത്തില്‍ 2300 പേരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് ഇന്റര്‍വ്യൂ നടത്തി 200പേര്‍ വീതമുള്ള ബാച്ചുകളാക്കി പരിശീലനം നല്‍കും. 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ബാച്ചാണ്. മൂന്നുദിവസം നിണ്ടുനില്‍ക്കുന്ന കോഴ്‌സാണ്. അവരില്‍നിന്ന് നേതൃശേഷിയുള്ള ആള്‍ക്കാരെ കണ്ടെത്തും. തലശ്ശേരി മഹാത്മാ കോളേജിലെ സ്ഥിരം കാമ്പസില്‍വെച്ചാണ് ആദ്യബാച്ചിന് പരിശീലനം നല്‍കിയത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകളിലേക്ക് മികച്ചവരെ കൊണ്ടുവരിക എന്നതും സ്‌കൂളിന്റെ ലക്ഷ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com