മലബാര്‍ സിമന്റ്‌സ്  മുന്‍ ജീവനക്കാരന്‍ ശശീന്ദ്രന്റെ ഭാര്യ മരിച്ചു ; ദുരൂഹതയെന്ന് ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 04:44 PM  |  

Last Updated: 14th July 2018 04:44 PM  |   A+A-   |  

പാലക്കാട് : മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. വൃക്ക തകരാറാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. 

മൂന്നു ദിവസം മുമ്പാണ് ടീനയെ കോയമ്പത്തൂരിലെ ആശുപത്രിയിലാക്കിയത്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മലബാര്‍ സിമന്റ്‌സ് ആക്ഷന്‍ കൗണ്‍സിലും, ശശീന്ദ്രന്റെ കുടുംബവും ആരോപിച്ചു. 

മലബാര്‍ സിമന്റ്‌സ് കമ്പനിയിലെ അഴിമതി പുറത്തുവരാന്‍ കാരണക്കാരനായ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2011 ജനുവരി 24 നാണ് ശശീന്ദ്രനും രണ്ട് മക്കളെയും പുതുശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൊലീസ് അന്വേഷണം നടത്തിയെങ്കിലും മരണം ആത്മഹത്യയാമോ കൊലപാതകമാണോ എന്ന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മരണത്തിന് പിന്നില്‍ വ്യവസായി വിഎം രാധാകൃഷ്ണനാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ശശീന്ദ്രന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ടീനയുടെ മരണം സംഭവിക്കുന്നത്.