ഉമ്മന്‍ചാണ്ടി കോട്ടയത്തേക്കില്ല ? കോട്ടയം ലോകസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th July 2018 02:41 PM |
Last Updated: 15th July 2018 02:41 PM | A+A A- |

കോട്ടയം : എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്. ഘടകകക്ഷികള്‍ക്കുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് തട്ടിയെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സൂചിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഉമ്മന്‍ചാണ്ടി കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും വയനാടോ ഇടുക്കിയോ കേരള കോണ്‍ഗ്രസിന് നല്‍കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഒറ്റക്ക് കണ്‍വെന്‍ഷന്‍ വിളിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കണ്‍വെന്‍ഷനിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിനൊപ്പം സമാന്തരമായി കേരള കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ഡലം മാറേണ്ടി വരില്ലെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം കേരള കോണ്‍ഗ്രസിന് ഉറപ്പ് നല്‍കിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസ് കെ മാണി എം പിയുടെ നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. യുഡിഎഫിലേക്ക് മടങ്ങി വന്ന കേരള കോണ്‍ഗ്രസിന് കോട്ടയം നിലനിര്‍ത്തേണ്ടത് നിലനില്‍പ്പിന് ആവശ്യമാണ്. മോന്‍സ് ജോസഫ്, ജോസഫ് എം പുതുശ്ശേരി തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.