ഉറങ്ങിക്കിടന്ന സിപിഐഎം പ്രവര്‍ത്തകനെയും കുടുംബത്തെയും ചുട്ടുകൊല്ലാന്‍ ശ്രമം; ഒരാളുടെ നില ഗുരുതരം
By സമകാലികമലയാളം ഡെസ്‌ക് | Published: 15th July 2018 06:03 AM |
Last Updated: 15th July 2018 06:03 AM | A+A A- |
തിരൂര്‍: ഉറങ്ങിക്കിടന്ന സിപിഐഎം പ്രവര്‍ത്തകനെയും കുടുംബത്തെയും ചുട്ടുകൊല്ലാന്‍ ശ്രമം. തിരൂര്‍ കൂട്ടായിയിലുള്ള സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. വീടിന്റെ മുന്‍വശത്തെ വാതിലിലും ജനലിലും ചെരുപ്പുകള്‍ കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. മുറിയില്‍ ഉറങ്ങുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയായ സൈനുദ്ദീന്റെ മകള്‍ നിഷില്‍ജക്കാണ് പൊള്ളലേറ്റത്. ശരീരത്തില്‍ 40 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വാതിലിനടിയിലൂടെ കിടപ്പുമുറിയിലേക്ക് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. മുറിയില്‍ നിലത്ത് കിടന്നുറങ്ങിയിരുന്ന നിഷില്‍ജയുടെ പായയിലേക്കും പുതപ്പിലേക്കും തീപടര്‍ന്നു പിടിച്ചു. പൊള്ളലേറ്റ് നിലവിളിച്ച് നിഷില്‍ജ മുറിക്ക് പുറത്തേക്കോടി. നിലവിളികേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് തീയണക്കുകയായിരുന്നു. അക്രമിസംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നെന്നും തങ്ങള്‍ ഉറക്കമുണര്‍ന്നെന്ന് കണ്ടപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.