'തനിക്ക് ഒരു ചീഫ് എന്‍ജിനീയര്‍ കാര്‍ വാഗ്ദാനം ചെയ്തു'; പൊതുമരാമത്ത് വകുപ്പിലെ അഴിമതി തുറന്ന് പറഞ്ഞ് മന്ത്രി ജി സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th July 2018 11:24 AM |
Last Updated: 15th July 2018 11:24 AM | A+A A- |

കോട്ടയം : പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ തുറന്ന് പറഞ്ഞ് മന്ത്രി ജി സുധാകരന്‍. അഴിമതിക്ക് കൂട്ടുനില്‍ക്കാനായി, തനിക്ക് ഒരു ചീഫ് എന്‍ജിനീയര്‍ കാര്‍ വാഗ്ദാനം ചെയ്ത് എത്തിയതായി മന്ത്രി ജി സുധാകരന്‍ വെളിപ്പെടുത്തി. എംസി റോഡിലെ നീലിമംഗലം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍.
900 കോടി രൂപയുടെ വരെ കരാറുകള്‍ നടത്തുന്നവര്‍ക്ക് 12 ലക്ഷത്തിന്റെ കാര്‍ പ്രശ്‌നമല്ല. മന്ത്രി പറഞ്ഞു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന റോഡ് നവീകരണത്തില്‍ കണ്‍സല്‍ട്ടന്റുമാരുടെ ഒത്തുകളി മൂലമാണ് പദ്ധതിക്ക് ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെ പോകുന്നത്. പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതു മുതല്‍ ഒത്തുകളി തുടങ്ങും.
90 വയസ്സ് കഴിഞ്ഞ് കണ്ണ് കാണാത്തവരെയാകും കണ്‍സല്‍ട്ടന്റുമാരായി നിയമിക്കുന്നത്. ഇവര്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങും. റോഡ് അലൈന്‍മെന്റുകള്‍ തയാറാക്കുമ്പോള്‍ സമ്പന്നര്‍ അവരുടെ വസ്തു നഷ്ടപ്പെടാതിരിക്കാന്‍ പണം നല്‍കി സ്വാധീനിക്കും. വളവും തിരിവുമായി പാവങ്ങളുടെ പുരയിടത്തിലൂടെ റോഡ് കടന്നുപോകും. ലോകബാങ്ക് ഇതൊന്നും അറിയാറില്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.