ജസ്‌നയുടെ തിരോധാനം:  അന്വേഷണം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ യുവാക്കളിലേക്കെന്ന് സൂചന

ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി സൂചന.
ജസ്‌നയുടെ തിരോധാനം:  അന്വേഷണം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ യുവാക്കളിലേക്കെന്ന് സൂചന

പത്തനംതിട്ട: ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി സൂചന. ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തെ കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 

മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കള്‍. ഇവരില്‍ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

ഇടുക്കിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും  അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.

ഇടുക്കി വെള്ളത്തൂവലില്‍ പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും വസ്തുതകളറിയാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണസംഘാംഗവും തിരുവല്ല ഡിവൈഎസ്പിയുമായ ആര്‍.ചന്ദ്രശേഖരപിള്ള പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ പോലീസ് ശേഖരിച്ചിരുന്നു. മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജസ്‌ന മരിയ ജെയിംസിനെ കാണാതായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com