ദുരിതം വിതച്ച് കാലവര്‍ഷം; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഏഴുവയസ്സുകാരന്‍ ഒലിച്ചുപോയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും വ്യാപക നാശനഷ്ടം
ദുരിതം വിതച്ച് കാലവര്‍ഷം; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഏഴുവയസ്സുകാരന്‍ ഒലിച്ചുപോയി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും വ്യാപക നാശനഷ്ടം. ഇടുക്കിയില്‍ മരംവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. രൂക്ഷമായ കടലാക്രമണംമൂലം തൃശൂര്‍ എറിയാട് നൂറുകണക്കിനു വീടുകള്‍ വെള്ളത്തിലാണ്. വയനാട് ബാണാസുര സാഗര്‍ ഡാമിന്റ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മാനന്തവാടി പേര്യയില്‍ തോട്ടില്‍ കാണാതായ ഏഴുവയസുകാരനായുള്ള തിരിച്ചിലിന് നാവികസേനകൂടിയെത്തി. ആലപ്പുഴ, ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലുമാണ് മരം കടപുഴകിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്.  മറയൂര്‍ പ്രദേശത്തും വന്‍ നാശനഷ്ടമുണ്ടായി.  നിരവധി ചന്ദന മരങ്ങ.ള്‍  ഒടിഞ്ഞു വീണു.ജില്ലയില്‍ പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിട്ട് രണ്ട് ദിവസം പിന്നിട്ടു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്  127. 5 അടിയായി ഉയര്‍ന്നു 

കോഴിക്കോടിന്റ മലയോര മേഖലയിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട്  ചെയതത്.ശക്തമായ ചുഴലിക്കാറ്റില്‍ താമരശേരി താലൂക്ക് ആശുപത്രി വളപ്പിലെ ആല്‍മരം കടപുഴകി വീണു. ആര്‍ക്കും പരുക്കില്ല. കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂരയും, പുതിയ കാഷ്വാലിറ്റി കെട്ടിടത്തിന്റെ മേല്‍ക്കൂരയും കാറ്റില്‍ പറന്നുപോയി.  കുറ്റിയാടി കുണ്ടുതോട്, മാമ്പിലാട്, തോട്ടക്കാട് പ്രദേശങ്ങളിലും  കൂടരഞ്ഞി തിരുവമ്പാടി പ്രദേശങ്ങളിലും കൃഷി നശിച്ചു. വന്‍ മരങ്ങള്‍ വീണ് പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വയനാട് ജില്ലയില്‍ മഴ അല്‍പം ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ത്തന്നെയാണ്.

രണ്ടായിരത്തി മുന്നൂറോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. തൃശൂരിന്റെ തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കടല്‍ക്ഷോഭം ശക്തമാണ്. എറിയാട് മൂന്നു വാര്‍ഡുകളിലായി നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തകര്‍ന്ന റോഡുകള്‍ മൂലം കുതിരാന്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്  മണിക്കൂറുകള്‍ നീളുന്നു. മറ്റന്നാള്‍വരെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com