നാളെ സംസ്ഥാന ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th July 2018 03:38 PM |
Last Updated: 16th July 2018 04:08 PM | A+A A- |

കൊച്ചി : നാളെ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അഭിമന്യു വധവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറുപേരെ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, അബ്ദുള്‍ മജീദിന്റെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ സംരക്ഷിക്കുന്നത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണ് എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന് പൊലീസ് സൂചിപ്പിച്ചു.