ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് ; രാമായണ വിവാദത്തിന് പിന്നാലെ ദേശരക്ഷാ ബന്ധനും

കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ' ത്രിവര്‍ണ രാഖി'  ആശയവുമായി എത്തിയിരിക്കുന്നത്
 ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് ; രാമായണ വിവാദത്തിന് പിന്നാലെ ദേശരക്ഷാ ബന്ധനും

കണ്ണൂര്‍: എതിര്‍പ്പുകളെ തുടര്‍ന്ന് രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഇത്തവണ ഉറച്ചു തന്നെയാണ്. ആര്‍എസ്എസിന്റെ വര്‍ഗ്ഗീയതയെ ത്രിവര്‍ണ രാഖി കെട്ടി പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ' ത്രിവര്‍ണ രാഖി'  ആശയവുമായി എത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും കൂടി പരിപാടി വ്യാപിപ്പിക്കാനും യൂത്ത്‌കോണ്‍ഗ്രസിന് പദ്ധതിയുണ്ട്. 

ആര്‍എസ്എസ് സ്വാധീനം കൂടുതലുള്ള പ്രദേശങ്ങളില്‍ ദേശരക്ഷാ ക്യാംപെയിന്‍ നടത്തുന്നതിനോട് അനുകൂല പ്രതികരണമാണ് യൂത്ത്‌കോണ്‍ഗ്രസിനുള്ളത് എന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.വിയോജിപ്പില്ലെന്നും യൂത്ത്‌കോണ്‍ഗ്രസിന്റെ പൊതുപരിപാടിയായി ഏറ്റെടുത്തിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്. 

രാമയണ വാരാചരണം നടത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. വിവാദം കെട്ടടങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് 'ത്രിവര്‍ണ രാഖി'യുള്ള ദേശരക്ഷാ ബന്ധന്‍ ആചരണത്തിന് യൂത്ത് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com