റേഷന്‍ കാര്‍ഡ് അപേക്ഷയും തിരുത്തലും ഇനി ഓണ്‍ലൈനില്‍; കാര്‍ഡ് എടിഎം മാതൃകയില്‍ ഡിജിറ്റലാക്കും

ഇനിമുതല്‍ റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെയുള്ള നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും.
റേഷന്‍ കാര്‍ഡ് അപേക്ഷയും തിരുത്തലും ഇനി ഓണ്‍ലൈനില്‍; കാര്‍ഡ് എടിഎം മാതൃകയില്‍ ഡിജിറ്റലാക്കും

തിരുവനന്തപുരം: ഇനിമുതല്‍ റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെയുള്ള നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. നാളെ മുതല്‍ ഇത് നിലവില്‍ വരുമെന്ന് മന്ത്രി പി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച പ്രവൃത്തികള്‍ എളുപ്പത്തിലാക്കാനാണ് നടപടി.

ആദ്യ ഘട്ടത്തില്‍ ചില താലൂക്കുകളില്‍ മാത്രം അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കാനാണ് നീക്കം. പിന്നീട് ഇത് വ്യാപകമാക്കും. പിന്നീട് കാര്‍ഡുകള്‍ ഡിജിറ്റലാക്കുകയും എടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കാവുന്ന സംവിധാനം കൊണ്ടുവരുകയും ചെയ്യും. റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധപ്പെടുത്തിയുള്ള സംവിധാനം സപ്ലൈകോയിലും കൊണ്ടു വരും. ഇതുവഴി  വിതരണത്തിലും  വില്‍പ്പനയിലും സുതാര്യത കൊണ്ടുവരാനാണ് ശ്രമം.

ഓണത്തിന്  നഗരങ്ങളിലും ഗ്രാമങ്ങളിലും സപ്ലൈകോയുടെ ചന്തകള്‍ വ്യാപകമാക്കാനും നടപടിയായി. കഴിഞ്ഞ തവണ 1600 ഓളം ചന്തകളുണ്ടായിരുന്നു. ഇത്തവണ നൂറോളം ചന്തകള്‍കൂടി തുറക്കും. കുടുംബശ്രീ, സഹകരണ സംഘങ്ങള്‍ എന്നിവയുടെ  എല്ലാ ഉല്‍പ്പന്നങ്ങളും ഈ ചന്തയില്‍ ലഭ്യമാവും. കൂടാതെ കേരളത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം 19ന് പ്രധാനമന്ത്രിയെ കാണും. വിഹിതം വര്‍ധിപ്പിക്കണമെന്ന് നിരവധി തവണ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല ഇതുവരെ.  

ഇപോസ് മെഷീനുമായി ബന്ധപ്പെട്ട് ചുരുങ്ങിയ സ്ഥലങ്ങളിലാണ് സിഗ്‌നല്‍ പ്രശ്‌നം ഉള്ളത്. ഇത് പരിഹരിക്കാന്‍ സെര്‍വര്‍ മാറ്റും. ആദിവാസി  ഊരുകളില്‍ തന്നെ റേഷന്‍ എത്തിക്കാനുള്ള  പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. എല്ലാ ഊരുകളിലും  പദ്ധതി പൂര്‍ണമായി നടപ്പാക്കും. വനംപട്ടിക ജാതിസാമൂഹിക നീതി വകുപ്പുകള്‍ സംയുക്തമായാണ് ഇത് നടപ്പാക്കുക.

മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട് 16ലക്ഷം പരാതികളാണ് ലഭിച്ചത്.  ഇത് വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് അര്‍ഹരായ രണ്ടര ലക്ഷം പേരെ മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടുത്തി. 80 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കി. വാതില്‍പ്പടി വിതരണം സപ്ലൈകോയെ ചുമതലപ്പെടുത്തല്‍, ഇപോസ് സംവിധാനം, ഏത് റേഷന്‍ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം തുടങ്ങി സാധാരണക്കാര്‍ക്ക് ഗുണകരമാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍  ചുരുങ്ങിയ കാലത്തിനുള്ളില്‍ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com