അധികൃതരുടെ അനാസ്ഥ; ബസ്സില്‍ നിന്നിറങ്ങിയ വയോധിക തോട്ടില്‍ വീണു

ജനപ്രതിനിധികള്‍ കണ്ട ഭാവം നടിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പാലോട്: പാലോട് ടൗണില്‍ ബസില്‍ നിന്നിറങ്ങിയ സ്ത്രീ തിരക്കിനിടെ കാല്‍വഴുതി തോട്ടില്‍ വീണു പരുക്കേറ്റു. നന്ദിയോട് ചോനംവിള സ്വദേശി ലീല(62)യാണു വീണത്. ഇവരെ പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ലെങ്കിലും തോട്ടില്‍ കോണ്‍ക്രീറ്റിനായി നിര്‍ത്തിയിരുന്ന കമ്പി ദേഹത്തു തറച്ചതാണ് തുണയായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ലീല ബസില്‍നിന്ന് ഇറങ്ങി നടന്നുപോകവെ ബസില്‍ കയറാന്‍ ധൃതികൂട്ടിയ ഒരാളുടെ ദേഹത്തു തട്ടിയാണു തോട്ടില്‍ വീണത്. നാട്ടുകാര്‍ ഉടന്‍തന്നെ തോട്ടിലേക്കു ചാടി ലീലയെ കരയ്‌ക്കെത്തിച്ചു. അപകടം നടന്ന ബസ് സ്‌റ്റോപ്പ് കൈത്തോടിനോടു ചേര്‍ന്നാണ്. ഇവിടെ സംരക്ഷണഭിത്തിയില്ല. ബസുകള്‍ നിര്‍ത്തുന്നതും ഈ തോടിനോടു ചേര്‍ന്നുതന്നെ. 

സൂക്ഷിച്ചില്ലെങ്കില്‍ തോട്ടിലേക്കു പതിച്ച് അപകടം ഉറപ്പാണെന്നതു ചൂണ്ടിക്കാട്ടി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ജനപ്രതിനിധികള്‍ കണ്ട ഭാവം നടിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  നടപ്പാത നിര്‍മാണം നിലച്ചിട്ടു മാസങ്ങളായെന്നും സംരക്ഷണത്തിനായി വച്ചിരുന്ന ബോര്‍ഡുകള്‍ ഇളക്കി മാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com