ഉറഞ്ഞുതുള്ളുന്ന കാലവര്‍ഷം;  സംസ്ഥാനത്തെ ഡാമുകള്‍ നിറയാന്‍ ഇനി 29 ശതമാനം വെള്ളം മാത്രം 

ശമനമില്ലാതെ തുടരുന്ന  മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകള്‍ നിറയാന്‍ ഇനി 29 ശതമാനം വെള്ളം മാത്രം മതി
ഉറഞ്ഞുതുള്ളുന്ന കാലവര്‍ഷം;  സംസ്ഥാനത്തെ ഡാമുകള്‍ നിറയാന്‍ ഇനി 29 ശതമാനം വെള്ളം മാത്രം 

തൊടുപുഴ: ശമനമില്ലാതെ തുടരുന്ന  മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകള്‍ നിറയാന്‍ ഇനി 29 ശതമാനം വെള്ളം മാത്രം മതി. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുളള ചെറുതും വലുതുമായ 16 ഡാമുകളില്‍ ഇപ്പോള്‍ 71 ശതമാനം വെള്ളമുണ്ട്. മുന്‍ വര്‍ഷം ഇതേ സമയം 24 ശതമാനം വെള്ളം മാത്രമാണ് ഡാമുകളില്‍ ഉണ്ടായിരുന്നത്. 2945 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള വെള്ളം ഇപ്പോള്‍ ഡാമുകളിലുണ്ട്. മുന്‍വര്‍ഷം ഇതേ സമയം 914.83 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള വെള്ളമായിരുന്നു ഡാമുകളില്‍ ഉണ്ടായിരുന്നത്. 2030.503 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള വെള്ളം ഡാമുകളില്‍ അധികമായിട്ടുണ്ട്. 

നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഒറ്റ ദിവസം കൊണ്ട് നാലടിയിലേറെ വെള്ളം വര്‍ദ്ധിച്ചു. 2375.52 അടി വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്. ഇത് സംഭരണ ശേഷിയുടെ 70 ശതമാനം വരും. മുന്‍ വര്‍ഷം ഇതേ സമയം 2316.98 അടി വെള്ളമായിരുന്നു ഡാമിലുണ്ടായിരുന്നത്. 92.612 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള വെള്ളം ഒരു ദിവസം കൊണ്ട് ഡാമില്‍ ഒഴുകിയെത്തി.

പമ്പയില്‍ 69 ശതമാനവും ഷോളയാറില്‍ 75, ഇടമലയാര്‍ 68, കുണ്ടള 41, മാട്ടുപ്പെട്ടി 66, കുറ്റിയാടി 99, പൊന്‍മുടി 97, നേര്യമംഗലം 97, ലോവര്‍പെരിയാര്‍ 100 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിലെ വെള്ളത്തിന്റെ ശതമാന കണക്ക്. ഡാമുകളില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ ആഭ്യന്തര ഉല്‍പ്പാദനം കെഎസ്ഇബി വര്‍ധിപ്പിച്ചിരിക്കുകയാണ്. ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 21.7876 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. മഴ ശക്തിയായി ലഭിച്ചതോടെ വൈദ്യുത ഉപഭോഗത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്. 51.639 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉപയോഗിച്ചത്. 28.2714 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതര മാര്‍ഗ്ഗങ്ങളില്‍ നിന്ന് വാങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com