സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്തമഴ തുടരും; ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്തമഴ തുടരും; ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം തിമര്‍ത്തുപെയ്യുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ തെക്കന്‍മധ്യ ജില്ലകളില്‍ ദുരിതജീവിതമായി. സംസ്ഥാനത്ത് ഇതുവരെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയത് 41,207 പേരെ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു.

ആലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയില്‍ രണ്ടുപേര്‍കൂടി മുങ്ങിമരിച്ചു. മാവേലിക്കര കുറത്തികാട് പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണന്‍ (69), ചെന്നിത്തല ഇരമത്തൂര്‍ തൂവന്‍തറ ബാബു (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച കോട്ടയം അഴുതയാറ്റില്‍ കാണാതായ കോരുത്തോട് ബംഗ്ലാവ്പറമ്പില്‍ ദീപു(28)വിന്റെ മൃതദേഹം കണ്ടെത്തി.

കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോന്നി അട്ടച്ചാക്കലിലും പമ്പയിലും ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചില്‍. മണിമലയാറ്റില്‍ കാണാതായ അടൂര്‍ കടമ്പനാട് തുവയ്ക്കല്‍ മേലോട്ട് തെക്കേതില്‍ പ്രവീണ്‍ (27), വട്ടമല തെക്കേതില്‍ ഷാഹുല്‍ (21) എന്നിവര്‍ക്കായുള്ള തിരച്ചിലും തുടരുന്നു.മഴ ശക്തമാകാന്‍ തുടങ്ങിയ മേയ് 29നുശേഷം 87 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. 8863.9 ഹെക്ടറില്‍ കൃഷിനശിച്ചു. കനത്തമഴപെയ്ത തിങ്കളാഴ്ചമാത്രം 686.2 ഹെക്ടറിലെ കൃഷിനശിച്ചു. 310 വീടുകള്‍ പൂര്‍ണമായി നശിച്ചു. 8333 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് കിട്ടുന്ന ശക്തമായ കാലവര്‍ഷമാണ് ഇത്തവണത്തേത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് പലയിടത്തും കനത്തമഴപെയ്തു. മൂന്നാറാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഒന്പത് സെന്റീമീറ്റര്‍. തിങ്കാളാഴ്ച കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍ 23 സെന്റീമീറ്റര്‍ മഴ കിട്ടി.

തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മലയോരമേഖലയിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന മുന്നറിയിപ്പ് നീട്ടി. വിഴിഞ്ഞംമുതല്‍ കാസര്‍കോടുവരെ കേരളതീരത്തും ലക്ഷദ്വീപ് തീരത്തും 3.5 മീറ്റര്‍മുതല്‍ 4.9 മീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com