സ്വാമി അഗ്നിവേശിനെതിരായ ആക്രമണം ബിജെപിയുടെ ഹാലിളക്കം; തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ നിലപാട് ശരിവയ്ക്കുന്നു: മുസ്‌ലിം ലീഗ്

സ്വാമി അഗ്നിവേശിന് എതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം ഞെട്ടലുളവാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
സ്വാമി അഗ്നിവേശിനെതിരായ ആക്രമണം ബിജെപിയുടെ ഹാലിളക്കം; തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ നിലപാട് ശരിവയ്ക്കുന്നു: മുസ്‌ലിം ലീഗ്

കോഴിക്കോട്: സ്വാമി അഗ്നിവേശിന് എതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം ഞെട്ടലുളവാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംഘപരിവാര്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയതിന്റെ വെപ്രാളമാണ് അഗ്നിവേശിന് എതിരായ ആക്രമണം പ്രകടമാക്കുന്നത്. ജനദ്രോഹ നയങ്ങളെത്തുടര്‍ന്ന് തെരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തോല്‍വികളില്‍ ബിജെപിക്കുണ്ടായ ഹാലിളക്കമാണ് ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അടുത്തിടെ സ്വാമി അഗ്‌നിവേശ് നടത്തിയ പരാമര്‍ശമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത
ഹിന്ദുത്വ വികാരം ഇളക്കിവിട്ടും എതിരാളികളെയെല്ലാം കായികമായി നേരിട്ടും ഭീതി വിതച്ചും തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനുമുള്ള ബി.ജെ.പി ശ്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സ്വാമി അഗ്‌നിവേശിനെ പോലും ആക്രമിക്കുന്നവര്‍ അര്‍ത്ഥമാക്കുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം എല്ലാവര്‍ക്കും ഊഹിക്കാം. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ബിജെപി ഹിന്ദു പാകിസ്ഥാനാക്കുമെന്ന ശശി തരൂര്‍ എം.പിയുടെ വിമര്‍ശനത്തെ അക്രമം കൊണ്ട് നേരിട്ട് ആരോപണം ശരിവെച്ചവര്‍ സ്വാമി അഗ്‌നിവേശിനെതിരായ കിരാത നടപടിയിലൂടെ അക്കാര്യം അരക്കിട്ടുറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ദാസ്യ വേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അംഹിസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ എം.പിയുടെ ഓഫീസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com