മകളുടെ വിവാഹത്തിനായി വീട് വിൽക്കാനൊരുങ്ങി പിതാവ് ; തേടിയെത്തിയത് ഭാഗ്യദേവത
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th July 2018 11:11 AM |
Last Updated: 19th July 2018 11:11 AM | A+A A- |

കാസർഗോഡ് : മകളുടെ വിവാഹത്തിന് പണം കണ്ടെത്താൻ കിടപ്പാടം വിൽക്കാനൊരുങ്ങിയ പിതാവിനെ ഭാഗ്യദേവത കടാക്ഷിച്ചു. കേരള സർക്കാരിന്റെ പൗർണമി ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ഇൗ അച്ഛനെ തേടിയെത്തിയത് 70 ലക്ഷം രൂപ. ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം കെ രവീന്ദ്രനെയാണ് പ്രതിസന്ധി ഘട്ടത്തിൽ ഭാഗ്യദേവത തേടിയെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് രവീന്ദ്രൻ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളിൽ നിന്ന് പൗർണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് കോളിച്ചാൽ ശാഖാ മാനേജറെ രവീന്ദ്രൻ ഏൽപിച്ചു. ഡിസംബർ രണ്ടിനാണ് മകൾ ഹരിതയുടെ വിവാഹം. കല്യാണത്തിന് ആവശ്യമായ പണം കണ്ടെത്താൻ വഴിയില്ലാത്തതിനാൽ, കിടപ്പാടം വിറ്റോ, പണയം വെച്ചോ പണം കണ്ടെത്താനായിരുന്നു രവീന്ദ്രന്റെ തീരുമാനം.
ഇതിനിടെയാണ് ലോട്ടറിയടിച്ച വിവരം രവീന്ദ്രൻ അറിയുന്നത്. ലോട്ടറിയിലൂടെ ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം ഭംഗിയായി നടത്തണം. പിന്നെ മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ അടയ്ക്കണം. ഇത്രയുമാണ് രവീന്ദ്രന്റെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ.