അട്ടപ്പാടിയിൽ 65 വയസുകാരനെ ആശുപത്രിയിൽ എത്തിച്ചത് അഞ്ചുകിലോമീറ്റർ തോളിലേറ്റി 

മുളങ്കമ്പില്‍ തുണികെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ കിടത്തി തോളിലേറ്റിയാണ് 65 വയസുകാരനായ ചിണ്ടനെ ഊരുവാസികള്‍ ആശുപത്രിയിലെത്തിച്ചത്
അട്ടപ്പാടിയിൽ 65 വയസുകാരനെ ആശുപത്രിയിൽ എത്തിച്ചത് അഞ്ചുകിലോമീറ്റർ തോളിലേറ്റി 

അഗളി: അട്ടപ്പാടിയില്‍ വയോധികനായ രോഗിയെ ആശുപത്രിയിലെത്തിച്ചത്‌ അഞ്ചര കിലോമീറ്റര്‍ തോളില്‍ ചുമന്ന്‌.മുളങ്കമ്പില്‍ തുണികെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ കിടത്തി തോളിലേറ്റിയാണ് 65 വയസുകാരനായ ചിണ്ടനെ ഊരുവാസികള്‍ ആശുപത്രിയിലെത്തിച്ചത്. കനത്ത മഴയില്‍ ഒറ്റപ്പെട്ട കുറുംബ മേഖലയിലെ ആനവായ്‌ ഊരിലുളളവർ‌ ചിണ്ടന്റെ ജീവൻ രക്ഷിക്കാൻ മറ്റൊന്നും ആലോചിച്ചില്ല. കനത്തമഴയിൽ റോഡ‍് യാത്ര തടസ്സപ്പെട്ടതോടെ രോ​ഗിയെ തോളിലേറ്റി ഊരുവാസികള്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

ചൊവ്വാഴ്‌ചയായിരുന്നു സംഭവം. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ചിണ്ടനെ ഊരില്‍ നിന്ന്‌ അഞ്ചര കിലോമീറ്റര്‍ ചുമന്ന്‌ ചിണ്ടക്കിയിലും തുടര്‍ന്ന്‌ ജീപ്പില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു. ചിണ്ടന്‍ സുഖംപ്രാപിക്കുന്നുണ്ട്‌.

മുക്കാലി ജംഗ്‌ഷനില്‍നിന്നു 12 കി.മീ. അകലെയാണ്‌ ആനവായ്‌ ഊര്‌. പ്രാക്‌തന ഗോത്രവര്‍ഗ മേഖലയായ ഈ പ്രദേശത്ത്‌ ഉള്‍വനത്തിലായി 10 ഊരുകളുണ്ട്‌. പതിറ്റാണ്ടുകളായി ഗതാഗതസൗകര്യമില്ലാതിരുന്ന ഇവിടേക്ക്‌ അഹാഡ്‌സ്‌ പ്രോജക്ട് കാലത്ത്‌ റോഡ്‌ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടി തുടങ്ങി. തുടര്‍ന്ന്‌ കുറുംബ പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴര കിലോമീറ്റര്‍ ടൈല്‍സ്‌ പതിച്ച്‌ നിര്‍മിച്ച റോഡിലൂടെയുള്ള മഴക്കാലയാത്ര അതീവ ദുഷ്‌കരമാണ്‌. 

ഇപ്പോഴത്തെ കനത്ത മഴയില്‍ തടികുണ്ട്‌ ഊര്‌ മുതല്‍ ആനവായ്‌ ചെറുനാലിപ്പെട്ടി വരെ മുളയും മരങ്ങളും മണ്ണും വീണ്‌ യാത്ര തടസപ്പെട്ടിരിക്കുകയാണ്‌. നേരത്തെ പൂര്‍ണഗര്‍ഭിണിയായ യുവതിയെ സമാന രീതിയില്‍ മുളയില്‍ തുണികെട്ടി ചുമന്ന്‌ ആശുപത്രിയിലെത്തിച്ചത്‌ ഏറെ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com