ആ തീരുമാനം സർക്കാരിന്റേത് ; മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിനെ കുറിച്ച് കമൽ

സംഘാടക സമിതി യോഗത്തിൽ മന്ത്രി എകെ ബാലനാണ് മോഹൻലാൽ  പുരസ്കാരദാന ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്
ആ തീരുമാനം സർക്കാരിന്റേത് ; മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിനെ കുറിച്ച് കമൽ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കാനുള്ള തീരുമാനം സർക്കാരിന്റേതാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍.  ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ ലാലിനെ മുഖ്യാതിഥിയായി  ക്ഷണിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കമൽ നിലപാട് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുക്കാൻ കൂട്ടുനിന്നതാണ് മോഹൻലാലിനെതിരെ ശക്തമായ എതിർപ്പ് ഉയരാൻ ഇടയാക്കിയത്. 

ദിലീപിനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ചടങ്ങില്‍ പ്രാധാന്യം നല്‍കേണ്ടത് അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിയ്ക്കുമാണെന്ന് അക്കാദമി ജനറൽ കൗൺസിൽ അംഗം വി.കെ. ജോസഫ് പറഞ്ഞു. മോഹൻലാൽ വന്നാൽ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു ജൂറി അംഗവും സംവിധായകനുമായ ഡോക്ടർ ബിജു വ്യക്തമാക്കി. ഇന്ദ്രൻസ്​ ഉൾപ്പടെയുള്ള താരങ്ങൾ ഗ്ലാമർ കുറവായതിനാലാണോ മോഹൻലാലിനെ ക്ഷണിച്ചതെന്ന്​ ബിജു ചോദിച്ചിരുന്നു. 

ദേശീയ പുരസ്​കാരങ്ങൾ രാഷ്​ട്രപതി വിതരണം ചെയ്യുന്ന മാതൃകയിൽ പുരസ്​കാര ജേതാക്കൾക്ക് മുഖ്യാതിഥിയായ മുഖ്യമന്ത്രി പുരസ്​കാരം നൽകുന്ന പ്രൗഢമായ ചടങ്ങല്ലേ സാംസ്​കാരിക വകുപ്പ്​ സംഘടിപ്പിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. സർക്കാർ നിലപാടിൽ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്. 

കഴിഞ്ഞ ദിവസം സംഘാടക സമിതി യോഗത്തിൽ മന്ത്രി എകെ ബാലനാണ് മോഹൻലാൽ നിശാഗന്ധിയിലെ ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് വേദി തിരുവന്തപുരത്തേക്കു മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com