തൃശൂര്‍-തിരുവനന്തപുരം വെറും മൂന്നരമണിക്കൂറില്‍ , ഏഴു ദിവസം പ്രായമുളള കുഞ്ഞിനെയും വഹിച്ചുളള ആംബുലന്‍സ് രക്ഷാദൗത്യം വിജയിച്ചത് ഇങ്ങനെ 

തൃശൂരില്‍ നിന്നും 740 ഗ്രാം തൂക്കമുള്ള ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനേയും വഹിച്ച് ലൈഫ് സേവ് ആംബുലന്‍സാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കുറഞ്ഞ സമയം കൊണ്ട് എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍ : മാസം തികയുന്നതിന് മുമ്പേ ജനിച്ച ഏഴ് ദിവസം മാത്രം പ്രായമുളള കുഞ്ഞിനെയും വഹിച്ച് ആംബുലന്‍സ് തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് റോഡിലുടെ പറന്ന് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്നും 740 ഗ്രാം തൂക്കമുള്ള ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനേയും വഹിച്ച് ലൈഫ് സേവ് ആംബുലന്‍സാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കുറഞ്ഞ സമയം കൊണ്ട് എത്തിയത്. വിദഗ്ധ ഡോക്ടര്‍മാരടക്കം സാധ്യതയില്ല എന്ന് പറഞ്ഞ് തള്ളിയ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ പറഞ്ഞതിലും വേഗം എസ്എടി യില്‍ എത്തിച്ചതിനാല്‍ രക്ഷയായി. 

പ്രതികൂല കാലാവസ്ഥയിലും റോഡുമാര്‍ഗം ഓടിയെത്താന്‍ കേരള പൊലീസും ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സും ലൈഫ് സേവ് ആംബുലന്‍സ് ടീമും വാട്‌സ് അപ്പ് ഗ്രൂപ്പു വഴി കൈകോര്‍ത്തു. 284 കിലോമീറ്റര്‍ ദൂരമാണ് വെന്റിലേറ്ററില്‍ കഴിയുന്ന കുരുന്നു ജീവനുമായി മൂന്നേകാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് താണ്ടിയത്. ശ്വാസമടക്കിപ്പിടിച്ചാണ് ഓരോരുത്തരും റോഡിലിറങ്ങി പ്രവര്‍ത്തിച്ചത്. ആംബുലന്‍സ് ചൊവ്വാഴ്ച 8.30 നു തൃശ്ശൂര്‍ നിന്നും പുറപ്പെട്ട് തിരുവനന്തപുരം എസ്എടി യില്‍ 11.45 ന് എത്തി. കുട്ടിയെ വിദഗ്ധ ചികിത്സക്കായി എന്‍ഐസിയുവിലേക്ക് മാറ്റി. മാസം തികയും മുമ്പേ ജനിച്ചതായിരുന്നു കുട്ടി.

ഈ ദൗത്യത്തില്‍ വഴിയൊരുക്കി കടന്നുപോകാന്‍ സഹായിച്ചത് ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് എന്ന രണ്ടു ലക്ഷത്തില്‍ പരം അംഗങ്ങളുള്ള ഫേസ്ബുക് കൂട്ടായ്മ ആണ്. ജനിച്ചു വീഴുന്ന കുട്ടികളെ കൊണ്ടുപോകാന്‍ പ്രത്യേകം സജ്ജീകരിച്ച എന്‍ഐസിയു ആംബുലന്‍സ് ആണ്. ആംബുലന്‍സ് ഡ്രൈവര്‍
ശ്രീജിത്, ടെക്‌നീഷ്യന്മാരായ റെജി, സനൂപ്, അലന്‍ സാഗര്‍ എന്നിവരാണ് ദൗത്യത്തില്‍ പങ്ക് വഹിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com