വാദി പ്രതിയായി, അപകടത്തില്‍പ്പെട്ട വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി

ബൈക്കിടിച്ചു വഴിയില്‍ കിടന്ന വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി
വാദി പ്രതിയായി, അപകടത്തില്‍പ്പെട്ട വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി

കൊച്ചി : ബൈക്കിടിച്ചു വഴിയില്‍ കിടന്ന വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി.  കോട്ടയം മോനിപ്പള്ളി സ്വദേശി ദീപ്തി മാതൃുവിന്റെ ഹര്‍ജിയില്‍ കേസ് അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു.

2017 ഒക്ടോബര്‍ 18ന് മുട്ടാറില്‍ നിന്ന് കോട്ടയത്തേക്ക് ഹര്‍ജിക്കാരിയും കൂട്ടുകാരികളും കാറില്‍ വരുമ്പോഴാണ് സംഭവം. മുന്നില്‍ പോയ ബൈക്ക് ഇടിച്ച് പാക്കില്‍ സ്വദേശിയായ ബേബി (77) റോഡില്‍ വീണു. ബൈക്ക് നിറുത്താതെ കടന്നു കളഞ്ഞു. സംഭവം കണ്ട ദീപ്തി കാര്‍ നിറുത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ബേബിയെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. ബേബിയെ ആശുപത്രിയില്‍ എത്തിച്ചതിന് പൊലീസ് നന്ദി പറഞ്ഞെന്നും ഇക്കാര്യം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

പിന്നീട് ബേബിയുടെ മകന്റെ മൊഴിയില്‍ ദീപ്തി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് വിലയിരുത്തി ചിങ്ങവനം പൊലീസ് കേസെടുത്തു. കാറിനു മുന്നില്‍ പോയ ബൈക്കാണ് ഇടിച്ചതെന്ന് ദീപ്തി മൊഴി നല്‍കിയെങ്കിലും പൊലീസ് വിശ്വസിച്ചില്ല. ചിങ്ങവനം പ്രിന്‍സിപ്പല്‍ എസ്.ഐ തന്നോടു പരുഷമായി പെരുമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു.

പിന്നീട് പൊലീസ് അന്തിമ റിപ്പോര്‍ട്ട് ചങ്ങനാശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി കാര്‍ അപകടത്തില്‍ പെട്ടിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. കേസില്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് തുടരന്വേഷണം നടത്തണമെന്നും എസ്.പി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് ദീപ്തി ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവു നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com