വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ 'അമ്മ' ; നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

അടുത്തമാസം ഏഴിന് കൊച്ചിയില്‍ വെച്ച് ചര്‍ച്ച നടത്താമെന്നാണ് അമ്മ ഭാരവാഹികള്‍ അറിയിച്ചത്
വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ 'അമ്മ' ; നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു


കൊച്ചി : നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തില്‍ പ്രതിഷേധിച്ച് നടിമാര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി അമ്മ രംഗത്തെത്തി. നടിമാരെ  അമ്മയുടെ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അടുത്തമാസം ഏഴിന് കൊച്ചിയില്‍ വെച്ച് ചര്‍ച്ച നടത്താമെന്നാണ് അമ്മ ഭാരവാഹികള്‍ അറിയിച്ചത്. 

അമ്മയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടന സെക്രട്ടറി ഇടവേള ബാബുവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും, അമ്മയിലെ  അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്. 

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് രംഗത്തെത്തിയിരുന്നു. അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഗീതുമോഹന്‍ദാസ്, രമ്യനമ്പീശന്‍, റീമ കല്ലിങ്കല്‍, ആക്രമണത്തിനിരയായ നടി എന്നിവര്‍ രാജിവെച്ചിരുന്നു. 

ഇതിന് പിന്നാലെ അമ്മയില്‍ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ലെന്നും, അമ്മ സംഘടന ഭാരവാഹിത്വത്തിലേക്ക് മല്‍സരിക്കാന്‍ തയ്യാറായിരുന്ന പാര്‍വതിയെ വിലക്കുകയുണ്ടായെന്നും പത്മപ്രിയയും പാര്‍വതിയും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അമ്മ ഗൗരവപൂര്‍വം പരിഗണിക്കാറില്ലെന്നും നടിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നടിമാര്‍ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അമ്മ ഭാരവാഹികളായ മോഹന്‍ലാലും ഇടവേള ബാബുവും വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com