വടകരയില്‍ നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത ആറായിരം കിലോ മത്സ്യം പിടിച്ചു

വാഹനത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്
വടകരയില്‍ നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത ആറായിരം കിലോ മത്സ്യം പിടിച്ചു


കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു. തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.

കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരേക്ക് കൊണ്ടുപോയതാണ് മത്സ്യം. പഴകിയ മത്സ്യമായതുകൊണ്ട് ഇത് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കുതന്നെ തിരിച്ചുകൊണ്ടുവരുന്നതിനിടയില്‍ വടകര കോട്ടക്കടവിലെ വളവില്‍ വാഹനം തകരാറിലായി. വാഹനത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

പഴകിയ മത്സ്യങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന സംസ്ഥാനത്തെമ്പാടും നടക്കുന്നതിനിടയിലാണ് ഇത്രയധികം പഴയ മത്സ്യം ഒന്നിച്ച് പിടിച്ചെടുത്തത്. ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് ഇതെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com