ആര് മീശവെക്കണമെന്ന് ഇനി അധികാരികള്‍ തീരുമാനിക്കും: ആര്‍ ഉണ്ണി

എന്ത് ഭക്ഷണം കഴിക്കണം എന്നതുപോലെ ആരു മീശ വെക്കണം എന്നതും അധികാരമുള്ളവര്‍ തീരുമാനിക്കുന്നു എന്ന അവസ്ഥയാണ് രാജ്യത്ത്
ആര് മീശവെക്കണമെന്ന് ഇനി അധികാരികള്‍ തീരുമാനിക്കും: ആര്‍ ഉണ്ണി


തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളില്‍ നിന്നുള്ള ആക്രമണം കാരണം എഴുത്തുകാരന്‍ എസ്.ഹരീഷ് 'മീശ' എന്ന നോവല്‍ പിന്‍വലിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി.ആര്‍. നോവല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ അത് വായിച്ച ആളാണ് ഞാന്‍. നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു. ഉണ്ണി ആര്‍ പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ മീശ വെച്ചതിന് ദളിത് യുവാക്കളെ സവര്‍ണര്‍ ആക്രമിക്കുകയുണ്ടായി. മീശ അധികാരത്തിന്റെ പ്രകടിത രൂപമായതാണ് ഉത്തരേന്ത്യയിലെ ആക്രമണം കാണിക്കുന്നത്. എന്ത് ഭക്ഷണം കഴിക്കണം എന്നതുപോലെ ആരു മീശ വെക്കണം എന്നതും അധികാരമുള്ളവര്‍ തീരുമാനിക്കുന്നു എന്ന അവസ്ഥയാണ് രാജ്യത്ത്.ദളിതര്‍ മീശ വെയ്ക്കുന്നത് അപരാധമായി കാണുന്ന രാജ്യത്ത് ഒരു നോവല്‍ ആക്രമിക്കപ്പെടുന്നതില്‍ അതിശയമില്ല. അതിന്റെ പേര് മീശ എന്നാവുന്നതാണ് മറ്റൊരു ഐറണി, ഉണ്ണി ആര്‍ പറഞ്ഞു.

മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഭീഷണി. ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ഇവരുടെ വാദം.മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com