മഴക്കെടുതി : കേരളത്തിലേത് അടുത്ത കാലത്തുണ്ടായിട്ടില്ലാത്ത വലിയ നാശനഷ്ടം ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രമന്ത്രി

നാശനഷ്ടം വിലയിരുത്താന്‍ പുതിയ കേന്ദ്രസംഘം പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു
മഴക്കെടുതി : കേരളത്തിലേത് അടുത്ത കാലത്തുണ്ടായിട്ടില്ലാത്ത വലിയ നാശനഷ്ടം ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രമന്ത്രി

ആലപ്പുഴ : കാലവര്‍ഷക്കെടുതിയില്‍ കേരളത്തിലേത് മുന്‍പുണ്ടായിട്ടില്ലാത്തത്ര വലിയ നഷ്ടമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജ്ജു. അടുത്തൊന്നും ഉണ്ടായിട്ടില്ലാത്തത്ര ആള്‍നാശവും വിളനാശവുമാണ് ഉണ്ടായത്. നാശനഷ്ടം വിലയിരുത്താന്‍ പുതിയ കേന്ദ്രസംഘം പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ധന, ആഭ്യന്തര, ഗതാഗത, ആരോഗ്യ മന്ത്രായലങ്ങളിലെ പ്രതിനിധികള്‍ കേന്ദ്ര സംഘത്തിലുണ്ടാകും. നീതി ആയോഗ് പ്രതിനിധിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ആവശ്യങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. അടിയന്തര ധനസഹായമായി 80 കോടി രൂപ അനുവദിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. ദുരിതം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കും. 

ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാല് ദേശീയ ദുരന്ത നിവാരണ സേന ടീമുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്. നാവികസേന ഉള്‍പ്പെടെ എല്ലാവരുടെയും സഹായം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആലപ്പുഴ, കുട്ടനാട്, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ തുടങ്ങിയവ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രമന്ത്രിയും സംഘവും നേരിട്ട് കണ്ടു. നിരവധി ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, ജി സുധാകരന്‍, ജോസ് കെ മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കേന്ദ്രസംഘത്തെ അനുഗമിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com