സൈബർ പരാതികളിൽ അന്വേഷണം ഇനി ലോക്കൽ പൊലീസിന്

സൈബർ കേസുകൾ അതത് പൊലീസ് സ്‌റ്റേഷനുകളിൽ തന്നെ അന്വേഷിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശം
സൈബർ പരാതികളിൽ അന്വേഷണം ഇനി ലോക്കൽ പൊലീസിന്

തിരുവനന്തപുരം: സൈബർ കേസുകൾ അതത് പൊലീസ് സ്‌റ്റേഷനുകളിൽ തന്നെ അന്വേഷിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശം. എഫ്. ഐ.ആർ രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തന്നെ അന്വേഷിക്കണം. ഇതിനായി എല്ലാ സ്‌റ്റേഷനിലും രണ്ട് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിച്ചിട്ടുണ്ട്. ഐ.ടി ആക്ട് പ്രകാരമുള്ള സൈബർ കേസുകൾ ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്.എച്ച്.ഒമാർക്ക് അന്വേഷിക്കാം. എസ്.എച്ച്.ഒമാർക്ക് ജില്ലാ സൈബർ സെല്ലിന്റെ സഹായവും തേടാം. സങ്കീർണമായ കേസുകൾ സൈബർ സെല്ലിനെ ഏൽപ്പിക്കണം. കൂടുതൽ അന്വേഷണത്തിനായി റേഞ്ച് ഐ.ജി മാർക്ക് കേസുകൾ സൈബർ പൊലീസ് സ്‌റ്റേഷനുകൾക്ക് കൈമാറാം. കൂടുതൽ സാങ്കേതിക സഹായങ്ങൾക്കായി പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനം എല്ലാ സ്‌റ്റേഷനിലും ലഭ്യമാക്കും. പ്രവർത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്‌റ്റേഷനിലും ശക്തമായ സാങ്കേതിക വിഭാഗം രൂപവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാ ലോക്കൽ പൊലീസ് സ്റ്റേഷനുകളും സൈബർ ക്രൈം അന്വേഷണത്തിനു പ്രാപ്തമാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഇതോടെ കേരളം മാറും.  

സൈബർ കേസുകൾ അന്വേഷിക്കുന്നതിന് പരിശീലനം നേടിയവരെ മറ്റു കേസുകളിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും സൈബർ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട കേസുകളിലും പ്രയോജനപ്പെടുത്താം. ഇവരെ പൊതുവിൽ മറ്റ് ജോലികൾക്കായി ഉപയോഗിക്കാനോ സ്ഥലം മാറ്റാനോ പാടില്ല. അനിവാര്യമായ സന്ദർഭങ്ങളിൽ റേഞ്ച് ഐ.ജിമാരുടെ അറിവോടെയേ നടപടിയെടുക്കാവൂ. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം ഇവർക്ക് തുടർ പരിശീലനം നൽകുമെന്നും ലോക്‌നാഥ് ബെഹ്‌‌റ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com