ഹിന്ദു സംഘടനകളുടെ ഭീഷണി; എസ് ഹരീഷ് മീശ നോവല്‍ പിന്‍വലിച്ചു 

ഹിന്ദു സംഘടനകളുടെ ഭീഷണി; എസ് ഹരീഷ് മീശ നോവല്‍ പിന്‍വലിച്ചു 
ഹിന്ദു സംഘടനകളുടെ ഭീഷണി; എസ് ഹരീഷ് മീശ നോവല്‍ പിന്‍വലിച്ചു 


കൊച്ചി: മീശ നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ്. കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍  പിന്‍വലിക്കാനുള്ള തീരുമാനം. മാതൃഭൂമി അഴ്ചപ്പതിപ്പില്‍ ഈയിടെയാണ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍. നോവലിലെ ചില പരാമര്‍ശത്തിനെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെയും നോവലിസ്റ്റിനെതിരെയും പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം

സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്.ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടരുകയാണ്. ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

സൈബറാക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശമിതാണ്:

'ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഭോഗാസക്തകള്‍

മാതൃഭൂമി ആഴ്ചപതിപ്പിലെ എസ്.ഹരീഷ് എഴുതിയ നോവലിലെ കണ്ടെത്തലാണിത്. ഹിന്ദു സമുദായത്തിലെ സ്ത്രീകള്‍ വൃത്തിയായി വേഷം ധരിച്ച് അമ്പലത്തില്‍ വരുന്നത് ഞങ്ങള്‍ ഭോഗത്തിന് തയ്യാറാണന്ന് അറിയിക്കാനത്രെ. നാലു ദിവസം വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്നറിയിക്കാനും. പ്രധാനമായും ഈ ദിവസങ്ങള്‍ പൂജാരിമാരെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഉദ്ദേശം . മാതൃഭൂമിയില്‍ വലിയ പരസ്യം കൊടുത്ത് പ്രസ് ദ്ധീകരിക്കുന്ന മീശ എന്ന നോവലിലാണ് ഈ ചരിത്ര കണ്ടുപിടുത്തം. കേരളത്തിന്റെ സാംസ്‌ക്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡു കരസ്ഥമാക്കിയ എസ്. ഹരീഷും എത്ര വഷളത്തരത്തോടെയാണ് ഒരു ക്ഷേത്ര വിശുദ്ധിയെ വിലയിരുത്തിയിരിക്കുന്നത്. ഇസ്ലാം സമുദായം അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിലെ സ്ത്രീ വിലക്കുകളെ പറ്റി ഈ ആഭാസ രീതിയില്‍ വ്യാഖ്യാനം നടത്തിയാല്‍ വിവരമറിയുമെന്നും ഈ കൂട്ടര്‍ക്ക് അറിയാം. ഹൈന്ദവ സംസ്‌ക്കാരങ്ങളുടെ വേരറുക്കാന്‍ തുനിഞ്ഞിറങ്ങുന്ന തൂലികയും കടലാസും ബഹിഷ്‌ക്കരിക്കപ്പെടേണ്ടതാണ്. ഇതിന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നല്ല ,ആഭാസ സാഹിത്യം എന്നു തന്നെ പറയേണ്ടിവരും'

പിന്നാലെ മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും ഈ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com