പഠനം മുടക്കി റിയാലിറ്റി ഷോ വേണ്ട; നിര്‍ദേശങ്ങള്‍ കടുപ്പിച്ച് സര്‍ക്കുലറുമായി സര്‍ക്കാര്‍
Published: 22nd July 2018 08:37 AM |
Last Updated: 22nd July 2018 08:37 AM | A+A A- |

തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ പത്ത് ദിവസത്തില്‍ അധികം അവരുടെ പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍. റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അനഭിലഷണീയ പ്രവണതകളെ കുറിച്ച് ബാലാവകാശ കമ്മിഷന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം.
റിയാലിറ്റി ഷോകളിലെ മത്സരങ്ങളില്‍ നിന്നും പുറത്താകുന്ന സാഹചര്യം ഉണ്ടായാല്‍ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വിധികര്‍ത്താക്കള്‍ വിലയിരുത്തലുകള്‍ നടത്താന്‍ പാടില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
റിയാലിറ്റി ഷോകളുടേയും മറ്റും ഷൂട്ടിങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും, ഇടവേളകളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്നും രക്ഷിതാവ് കൂടെയുണ്ടെന്നും ചാനല്‍ അധികൃതര്‍ ഉറപ്പാക്കണം. ലൈംഗീക അതിക്രമങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ അധികം കുട്ടികളെ തുടര്‍ച്ചയായി കലാപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല.
കുട്ടിയുടെ സുരക്ഷയ്ക്ക് നോഡല്‍ ഓഫീസറെ നിയമിക്കണം. പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കണം. കലക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം എന്നും സര്‍ക്കുലറില്‍ പറയുന്നു.