• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home കേരളം

'മീശ' പിന്‍വലിച്ചതിന് കാരണം എസ്. ഹരീഷിന്റെ ഉള്ളിലെ തികഞ്ഞ അരാഷ്ട്രിയവാദം; വിമര്‍ശനവുമായി ബെന്യാമിന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 12:21 AM  |  

Last Updated: 22nd July 2018 12:21 AM  |   A+A A-   |  

0

Share Via Email

 

സംഘപരിവാറിന്റെ ഭീഷണിയെത്തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിച്ച എസ്.ഹരീഷിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഈ തീരുമാനത്തിലൂടെ നിങ്ങള്‍ എതിരാളികള്‍ക്ക് വിജയഭേരി മുഴക്കുവാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. നിങ്ങളുടെ ഈ പ്രവര്‍ത്തിയിലൂടെ തോറ്റത് നിങ്ങള്‍ അല്ല, മൊത്തം എഴുത്തുകാരും അവരെ സ്‌നേഹിക്കുന്ന സാഹിത്യ  സാംസ്‌കാരിക ലോകവുമാണെന്ന് എസ്.ഹരീഷിനെഴുതിയ തുറന്ന കത്തില്‍ ബെന്യാമിന്‍ കുറിച്ചു. 

കത്തിന്റെ പൂര്‍ണരൂപം:

എസ്. ഹരീഷിനൊരു തുറന്നകത്ത്.

പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,

ഞങ്ങള്‍ ആവേശത്തോടെ വായിച്ചു വന്ന 'മീശ' പിന്‍വലിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കള്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും ശരിയാണെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ആ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു.

ഈ തീരുമാനത്തിലൂടെ നിങ്ങള്‍ എതിരാളികള്‍ക്ക് വിജയഭേരി മുഴക്കുവാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. നിങ്ങളുടെ ഈ പ്രവര്‍ത്തിയിലൂടെ തോറ്റത് നിങ്ങള്‍ അല്ല, മൊത്തം എഴുത്തുകാരും അവരെ സ്‌നേഹിക്കുന്ന സാഹിത്യ  സാംസ്‌കാരിക ലോകവുമാണ്. എല്ലാക്കാലത്തേക്കുള്ള അപകടകരമായ ഒരു മണിമുഴങ്ങല്‍ ആ തോറ്റുകൊടുക്കലിന്റെ പിന്നില്‍ ഉണ്ട്. അതിന്റെ രാഷ്ട്രീയം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. ഭാവി നമ്മളെ ഭീതിയോടെ ഉറ്റുനോക്കുന്നുണ്ട്.

സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഇത് നിങ്ങളെ ഓര്‍മ്മിപ്പികക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ആടുജീവിതം ഇറങ്ങിയപ്പോഴും അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി പ്രസിദ്ധീകരിച്ചപ്പോഴും നിരവധി വിഷയങ്ങളില്‍ അഭിപ്രായം തുറനന്നു പറഞ്ഞപ്പോഴും സമാനരീതിയിലൂള്ള പരിഹാസങ്ങള്‍ക്കും ചീത്തവിളികള്‍ക്കും വിധേയനായ ഒരെഴുത്തുകാരനാണ് ഞാന്‍. എന്നാല്‍ എഴുതിയത് ഞാന്‍ ഉറച്ച ബോധ്യത്തോടെ എഴുതിയതാണെന്നും അതില്‍ ഉറച്ചു നില്ക്കാനുമായിരുന്നു എന്റെ തീരുമാനം. ആ നോവലുകള്‍ ചില ഇടങ്ങളില്‍ നിരോധിച്ചപ്പോള്‍ പോലും അതില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല. എഴുത്തിന്റെ മൂല്യത്തെക്കുറിച്ചും എഴുത്തുകാരന്റെ സാമൂഹിക ദൗത്യത്തെക്കുറിച്ചുമുള്ള ഉറച്ച ബോധ്യത്തില്‍ നിന്നാണ് എനിക്ക് അങ്ങനെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞത് എന്ന് ഞാന്‍ വിചാരിക്കുന്നുണ്ട്. അതിന് താങ്കള്‍ക്ക് കഴിയാതെ പോയതിന്റെ കാരണം എന്തെന്ന് ഞാന്‍ വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ. താങ്കളുടെ ഉള്ളിലെ തികഞ്ഞ അരാഷ്ട്രിയവാദം അല്ലാതെ മറ്റൊന്നുമല്ല അത്. താങ്കളുടെ അടുത്തിടെ പ്രസിദ്ധീകരിച്ചു വന്ന ചില അഭിമുഖങ്ങള്‍ എന്റെ നിരീക്ഷണത്തെ ശക്തമായി ശരിവയ്ക്കുന്നുണ്ട്.

അരാഷ്ട്രീയവാദിയായ ഒരാള്‍ക്ക് പ്രശ്‌നങ്ങളെ താന്‍ തനിച്ച് നേരിടാനുള്ളതാണ് എന്നൊരു തോന്നല്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതാണ് താങ്കളുടെ കാര്യത്തിലും സംഭവിച്ചത്. എനിക്കും എന്റെ കുടുംബത്തിനും ഞാന്‍ മാത്രമേയുള്ളൂ എന്നും ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരും കൂടെ കാണില്ല എന്നും താങ്കളെക്കൊണ്ട് ചിന്തിപ്പിച്ചത് ആ അരാഷ്ട്രീയബോധം തന്നെയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല ഒരു സമൂഹത്തിന്റെ പ്രശ്‌നമാണ് ഞാന്‍ ആ സമൂഹത്തിനൊപ്പം നില്‍ക്കുകയും അവര്‍ നല്കുന്ന പിന്തുണയില്‍ വിശ്വസിക്കുകയും വേണം എന്ന് ചിന്തിക്കാന്‍ താങ്കള്‍ക്ക് കഴിയാതെ പോയതിന്റെ കാരണവും അതുതന്നെ.

വളരെ ന്യൂനപക്ഷമായ മതജാതി ഭ്രാന്തന്‍മാരുടെ ജല്പനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും എഴുത്തുകാര്‍ക്കൊപ്പം നില്ക്കുകയും ചെയ്യുന്ന കേരളം പോലെ സുരക്ഷിതമായ ഒരിടത്തില്‍ ഇരുന്നുകൊണ്ട് നിങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ നിങ്ങള്‍ ആര്‍ജ്ജവം കാണിക്കുന്നില്ലെങ്കില്‍ ഇനി ലോകത്തില്‍ എവിടെ പോയാലും അത് താങ്കളെക്കൊണ്ട് സാധ്യമാവില്ല എന്ന് വിനീതപൂര്‍വ്വം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. കാരണം ലോകത്തിലെ ഭൂരിപക്ഷം ഇടങ്ങളും ഇതിനേക്കാള്‍ മോശം തന്നെയാണ്. അത് ഈ പുതിയ കാലത്തില്‍ മാത്രമല്ല എന്നും രാഷ്ട്രീയവും മതവും ജാതികളും എഴുത്തിനെ അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യുവാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പക്ഷേ നമുക്ക് മുന്‍പേ നടന്നു പോയ എഴുത്തുകാര്‍ ആരും അതില്‍ ഭയന്ന് തങ്ങള്‍ക്ക് പറയാനുള്ളത് പറയാതെ പോയിട്ടില്ല. നിങ്ങള്‍ എന്നെ ഏത് തീക്ഷ്ണമായ വേദനകളിലേക്ക് തള്ളിയിട്ടാലും ഞാന്‍ എഴുതുക തന്നെ ചെയ്യും എന്ന് അവര്‍ ഉറക്കെപ്പറഞ്ഞതുകൊണ്ടാണ് നമുക്ക് മികച്ച കൃതികള്‍ ലഭ്യമായത്. അവര്‍ ഭരണകൂടങ്ങളെയോ മതത്തിനെയോ ഭയന്നല്ല ജീവിച്ചത്. അതുകൊണ്ടുകൂടിയാണ് ലോകം ഇന്നും എഴുത്തിനെയും എഴുത്തുകാരനെയും ആദരിക്കുകയും ചിലര്‍ അതിനെ ഭയക്കുകയും ചെയ്യുന്നത്. 'വഴിയിലൂടെ നടന്നുപോകുമ്പോള്‍ തേങ്ങാ വീണ് ചാവുന്നതിനേക്കാള്‍ എനിക്കിഷ്ടം, ഇത്തരം മതഭ്രാന്തന്മാരുടെ പിച്ചാത്തിയ്ക്ക് ഇരയാവുന്നത്' എന്ന് നിങ്ങള്‍ പറയും എന്ന് ഞാന്‍ കരുതി.

പക്ഷേ ഹരീഷ്, താങ്കള്‍ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി സൃഷ്ടിച്ചു. ഇത് താങ്കള്‍ ഒരാളുടെ മാത്രം പ്രശ്‌നമല്ല ഹരീഷ്. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാനിരിക്കുന്നവരുമായ ഒരായിരം എഴുത്തുകാരുടെ പ്രശ്‌നമാണ്. സ്വതന്ത്രമായി ജീവിക്കാനും സ്വതന്ത്രമായി ആവിഷ്‌കാരം നടത്താനും ആഗ്രഹിക്കുന്ന ഭാവിയിലെ ഓരോ മനുഷ്യന്റെയും പ്രശ്‌നമാണ്.

നിങ്ങള്‍ ഒറ്റയ്ക്ക് നേരിടേണ്ട പ്രശ്‌നം അല്ലിത്. കേരളം അങ്ങനെ ഒരെഴുത്തുകാരെനെയും കുടുംബത്തെയും അക്രമികള്‍ക്ക് വിട്ടുകൊടുക്കില്ല എന്ന് നിങ്ങള്‍ വിശ്വസിക്കണം. പെരുമാള്‍ മുരുകന്‍ മുതല്‍ സന്തോഷ് ഏച്ചിക്കാനം വരെയുള്ളവര്‍ ഇതിനു മുന്‍പ് ഇത്തരം പ്രശ്‌നങ്ങളെ നേരിട്ടപ്പോള്‍ നമ്മള്‍ ഒന്നിച്ച് നിന്നാണ് അതിനെ നേരിട്ടത്. ഇനിയും അതങ്ങനെ തന്നെയുണ്ടാവും എന്ന് താങ്കള്‍ വിശ്വസിച്ചില്ല. തികഞ്ഞ അരാഷ്ട്രീയ വാദം മനസില്‍ കൊണ്ടുനടക്കുന്ന എഴുത്തുകാര്‍ എന്നും നേരിടുന്ന പ്രശ്‌നമാണിത്.

ഇനിയും സമയമുണ്ട് ഹരീഷ്, നോവല്‍ വാരികയില്‍ നിന്ന് മാത്രമേ പിന്‍വലിച്ചിട്ടുള്ളൂ. എത്രയും വേഗം അത് പുസ്തകരൂപത്തില്‍ പുറത്തിറക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിക്കണം. രാഷ്ട്രീയ ബോധമുള്ള ഭൂരിപക്ഷ കേരളം നിങ്ങള്‍ക്കൊപ്പമുണ്ട്. അരാഷ്ട്രിയത വെടിഞ്ഞ് അവരെ വിശ്വസിക്കൂ. അക്ഷരങ്ങള്‍ക്കുവേണ്ടി, എഴുത്തിനുവേണ്ടി, സാഹിത്യത്തിനുവേണ്ടി, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി ധീരനായി എഴുനേറ്റു നില്ക്കൂ..

കാലം നമ്മളെ, നമ്മുടെ തലമുറയെ ഭീരുക്കള്‍ എന്ന് വിലയിരുത്തിരിക്കട്ടെ.

സ്‌നേഹത്തോടെ
ബെന്യാമിന്‍.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

O
P
E
N

മലയാളം വാരിക

print edition
ജീവിതം
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
6qfYQ6LSലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്
ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും
പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍
arrow

ഏറ്റവും പുതിയ

ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും

പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം