ആന കാരണം ജീവിക്കാന്‍ നിര്‍വാഹമില്ല;  വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ 

ആനശല്യം രൂക്ഷമാതിനെ തുടര്‍ന്ന് വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ.
ആന കാരണം ജീവിക്കാന്‍ നിര്‍വാഹമില്ല;  വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ 

പാലക്കാട്: ആനശല്യം രൂക്ഷമാതിനെ തുടര്‍ന്ന് വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ. അട്ടപ്പാടി ഷോളയൂരില്‍ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യാനായി മന്ത്രി കെ.രാജു ആനക്കട്ടി ഷോളയൂര്‍ റോഡിലൂടെ വരുമ്പോഴാണ് സംഭവം. ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ സിസ്റ്റര്‍ റിന്‍സി മന്ത്രി വാഹനത്തിന് മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. 

പാതി തുറന്ന കാറിന്റെ ഗ്‌ളാസിലൂടെ മന്ത്രി കെ.രാജുവിനെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചു.  ഞങ്ങടെ റോഡ് കണ്ടോ, ആന കാരണം ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരാതെ പറ്റില്ല. ഞങ്ങടെ പറമ്പൊക്കെ സാറ് കാണണം. ഞങ്ങടെ വീടൊക്കെ ആന കുത്തിപ്പൊളിക്കയാ. ഒറ്റ ശ്വാസത്തില്‍ പറയാവുന്നതൊക്കെ സിസ്റ്റര്‍ റിന്‍സി പറഞ്ഞപ്പോഴേക്കും പൊലീസും പ്രാദേശിക ജനപ്രതിനിധികളും ഓടിയെത്തി. പുറത്തിറങ്ങാതെ എങ്ങനെ കാണാനാണ് എന്ന് പരിതപിച്ച സിസ്റ്ററിന് ഉദ്ഘാടന വേദിയില്‍ വെച്ച് കാണാം എന്ന മറുപടിയാണ് മന്ത്രിക്ക് ഒപ്പമുള്ളവര്‍ നല്‍കി

മന്ത്രിയുടെ വണ്ടി  തടയണ്ടായെന്നായി പിന്നീട് ചില പ്രാദേശിക നേതാക്കളുടെ ഉപദേശം. പക്ഷേ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം  ബോധ്യമായാണ് മന്ത്രി പോയത്. കാട്ടാനകളെ തുരത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി. 

അട്ടപ്പാടിയിലെ പൊന്നുവിളയുന്ന മണ്ണില്‍ കര്‍ഷകനെ കണ്ണീരിലാക്കിയാണ് കാട്ടാനകളുടെ വിളയാട്ടം. ആദിവാസികളും കുടിയേറ്റക്കാരുമായ കര്‍ഷകര്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥ. കാലവര്‍ഷക്കെടുതിയുടെ നഷ്ടം ഉള്ളിലൊതുക്കി വായ്പയെടുത്ത് കുടുംബം പോറ്റേണ്ടുന്ന സാഹചര്യം. ജനവാസമേഖലകളിലെ റോഡുകളെല്ലാം തകര്‍ന്നു. തീര്‍ത്തും നിസഹായരായര്‍ ആരോട് പരാതി പറയും. വല്ലപ്പോഴും ചുരം കയറി വരുന്ന മന്ത്രിമാര്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണുള്ളത്. 

അട്ടപ്പാടി വനത്തിനോട് ചേര്‍ന്നു വരുന്ന എല്ലായിടത്തും കാട്ടാനകളുടെ സഞ്ചാരമാണ്. അടുത്തിടെ ഷോളയൂര്‍, നെല്ലിപ്പതി, നീലിക്കുഴി എന്നീ പ്രദേശങ്ങളിലാണ് കാട്ടാനശല്യം  രൂക്ഷമായിരിക്കുന്നത്. സ്‌കൂളില്‍ പോലും കുട്ടികളെ വിടാനാകുന്നില്ല. റേഷന്‍ കടകളും വീടുകളും തകര്‍ക്കുന്നു. നിയമവും ചട്ടങ്ങളും നോക്കിയേ വനം ഉദ്യോസ്ഥര്‍ക്ക് പ്രവൃത്തിക്കാനാകു. ജനങ്ങളുടെ  പ്രതിഷേധം ഒഴിവാക്കാനുള്ള മാജിക്കൊന്നും സര്‍ക്കാര്‍ സംവിധാനത്തിലില്ല. കാട്ടാനകളെ മയക്കുവെടി വയ്ക്കണമെന്നതൊക്കെ സാധിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. 

പടക്കമെറിഞ്ഞ് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന പ്രവൃത്തിയാണ് തുടരുന്നത്. പക്ഷേ കൃഷിയും വീടും ചുറ്റുമതിലുകളും ഇല്ലാതായാല്‍ ന്യായമായ നഷ്ട പരിഹാരമെങ്കിലും അപേക്ഷകന് അവകാശപ്പെട്ടതാണ്. അത് കൊടുക്കാനുള്ള കാലതാമസം ഒഴിവാക്കുകയോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്യാന്‍ വനംവകുപ്പിന് കഴിയണം. രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പിന്നാലെ പോകാത്ത സംഘടിതരല്ലാത്ത ജനങ്ങള്‍ക്ക് പരാതികളുണ്ട്. അത്തരം പരാതികള്‍ക്ക് ഉദ്യോസ്ഥര്‍ പരിഹാരം ഉണ്ടാക്കാതെ വരുമ്പോഴാണ് മന്ത്രി വാഹനം തടഞ്ഞ് ജനങ്ങള്‍ പരാതി പറയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com