എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ; യുവതി അടക്കം പിടിയില്‍

യുവ എഞ്ചിനീയറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച  കേസില്‍ യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍
എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ; യുവതി അടക്കം പിടിയില്‍

കൊച്ചി : യുവ എഞ്ചിനീയറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച  കേസില്‍ യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശിയായ എഞ്ചിനീയറെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തിയാണ് കെണിയില്‍ കുടുക്കി പണം തട്ടാന്‍  ശ്രമിച്ചത്. കേസില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശിനി ഷമീന, ചേറ്റുപുഴ സ്വദേശി അനീഷ് മോഹന്‍, വെളപ്പായ ചൈനബസാര്‍ കണ്ടോളി ശ്യാംബാബു, കാക്കനാട് സ്വദേശി സംഗീത് എന്നിവരാണ് പിടിയിലായത്. കെണിയുടെ സൂത്രധാര വയനാട് വൈത്തിരി സ്വദേശി നസീമ, ഭര്‍ത്താവ് അക്ബര്‍ ഷാ എന്നിവരെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ മാസം 15 ന് ചന്തപ്പുരയിലെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു സംഭവം. നസീമ സമൂഹമാധ്യമത്തിലൂടെ യുവ എഞ്ചിനായറുമായി സൗഹൃദത്തിലായിരുന്നു. അതിനിടെ നസീമ, ഷമീനയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. ഇതു കണ്ട എഞ്ചിനീയര്‍, ഇവരെ പരിചയപ്പെടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലെത്താന്‍ നസീമ ആവശ്യപ്പെട്ടു. 

എഞ്ചിനീയര്‍ ഫ്‌ലാറ്റിലെത്തിയതിന് പിന്നാലെ അക്ബര്‍ഷായും മറ്റ് പ്രതികളും സദാചാര പൊലീസ് ചമഞ്ഞ് വതിലില്‍ മുട്ടുകയും, എഞ്ചിനീയറെ മര്‍ദിച്ച ശേഷം യുവതികള്‍ക്കൊപ്പം കട്ടിലില്‍ കിടത്തി ചിത്രങ്ങളും വീഡിയോയും എടുക്കുകയും ചെയ്തു. യുവതികളാകട്ടെ അപ്രതീക്ഷിത ആക്രമണമെന്ന പോലെ പെരുമാറി. എങ്ങനെയെങ്കിലും പണം കൊടുത്ത് ഒഴിവാക്കാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പഴ്‌സിലുണ്ടായിരുന്ന 35,000 രൂപയും എടിഎം കാര്‍ഡും സംഘം തട്ടിയെടുത്തു. 

മൂന്നു ലക്ഷം രൂപ കൂടി നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് യുവാവിനോട് പ്രതികള്‍ പറഞ്ഞു. പണമില്ലെന്ന് പറഞ്ഞ എഞ്ചിനീയറെ സംഘം ആക്രമിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും പണം നല്‍കി രക്ഷപ്പെടാനും യുവതികള്‍ ആവശ്യപ്പെട്ടു. 

ഒടുവില്‍ പണം നല്‍കാമെന്ന ഉറപ്പിന്മേല്‍ സംഘം എഞ്ചിനീയറെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എഞ്ചിനീയറില്‍ നിന്നും നേരത്തെ തന്നെ യുവതികള്‍ 10,000 രൂപ കൈക്കലാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com