കേരളം രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം; പിന്നില്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്
കേരളം രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം; പിന്നില്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍

ബംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സ് 2018 ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരളത്തെ ഈ നേട്ടം തേടിയെത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്. രണ്ട് കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ വലിയ സംസ്ഥാനങ്ങളെന്നും മറ്റുള്ളവയെ ചെറിയ സംസ്ഥാനങ്ങളെന്നും തരം തിരിച്ചിരുന്നു. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഹിമാചല്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി. നാഗാലാന്‍ഡ്, മണിപ്പുര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍.

അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യ സുരക്ഷിതത്വം, ക്രമസമാധാനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം തുടങ്ങിയവ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. സര്‍ക്കാര്‍ കണക്കുകളെ മാത്രമാണ് ആശ്രയിച്ചിട്ടുള്ളതെന്നും പി.എ.സി അവകാശപ്പെടുന്നു. കുട്ടികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം, ഹിമാചല്‍പ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ ആദ്യസ്ഥാനങ്ങളിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com