ഇരുട്ട് പരക്കണം ഒന്ന് മൂത്രമൊഴിക്കാന്‍, ദുരിതാശ്വാസ ക്യാമ്പെന്ന പേര് മാത്രം

മഴ പെയ്യുമ്പോള്‍ കുട പിടിച്ചിരിക്കണം. കുളിച്ചിട്ട് പലരും ആഴ്ചയൊന്നായെന്ന് പറയുന്നു. മൂത്രപ്പുര കെട്ടാനുള്ള സൗകര്യം എങ്ങുമില്ല
ഇരുട്ട് പരക്കണം ഒന്ന് മൂത്രമൊഴിക്കാന്‍, ദുരിതാശ്വാസ ക്യാമ്പെന്ന പേര് മാത്രം

ഹരിപ്പാട്: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുമ്പോഴും മഴ തീര്‍ത്ത കെടുതികള്‍ക്ക് അയവില്ല. വീടുകള്‍ കയ്യേറിയ വെള്ളം ഒഴിയാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിത ജീവിതത്തിന്റെ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് കുട്ടനാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ജനങ്ങള്‍. 

ഒരു പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ഉണ്ടാവുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഒരുമിച്ച്. മൂത്രമൊഴിക്കാന്‍ പോലും ഇരുട്ടു പരക്കാന്‍ കാത്തിരിക്കണം. പ്രസവ ശുശ്രൂഷയിലും മുലയൂട്ടുന്നവരുമായുള്ള സ്ത്രീകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്. 

വെള്ളത്തിന് നടുക്ക് ഇത്തിരി ഉയര്‍ന്ന പ്രദേശത്താണ് ചെറുതന വടക്കേകരയിലെ ക്യാമ്പ്. ദുരിതാശ്വാസ ക്യാമ്പെന്ന പേര് മാത്രമാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നത്. ടാര്‍പോളിന്‍ കെട്ടി ഭക്ഷണം തയ്യാറാക്കുന്നു. പലരുടേയും ഉറക്കം വള്ളത്തിലാണ്. 

മഴ പെയ്യുമ്പോള്‍ കുട പിടിച്ചിരിക്കണം. കുളിച്ചിട്ട് പലരും ആഴ്ചയൊന്നായെന്ന് പറയുന്നു. മൂത്രപ്പുര കെട്ടാനുള്ള സൗകര്യം എങ്ങുമില്ല. പകല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ സാധിക്കാത്തതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് വരുന്നു. 

റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഇടയ്ക്ക് ഇവിടേയ്ക്ക് എത്തും. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങള്‍ ഇവര്‍ എത്തിക്കും. ഡോക്ടര്‍മാര്‍ മരുന്ന് നല്‍കും. എങ്കിലും കുഞ്ഞുങ്ങളേയും കൊണ്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ദുരിതം തന്നെയാണ്. 

മഴയുടേയും കാറ്റിന്റേയും തണുപ്പടിച്ച കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് അസുഖം പിടിപെടുന്നു. രാത്രി കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടായാലും ആശുപത്രിയില്‍ എത്തിക്കാന്‍ മാര്‍ഗമില്ല. ജലനിരപ്പ് ഉയര്‍ന്നു  നില്‍ക്കുന്നതിനാല്‍ രാത്രിയില്‍ വള്ളത്തില്‍ യാത്ര ചെയ്യുക സുരക്ഷിതമല്ല. അതിനാല്‍ എന്തും വരട്ടെ എന്ന് കരുതി ഇവര്‍ നേരം വെളിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com