പച്ചയും ചന്ദ്രക്കലയും നക്ഷത്രവും വേണ്ട; പതാക മാറ്റത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

കാലങ്ങളായി ഉപയോഗിച്ചുവന്ന പതാക മാറ്റാനൊരുങ്ങി മുസ്‌ലിം ലീഗ്
പച്ചയും ചന്ദ്രക്കലയും നക്ഷത്രവും വേണ്ട; പതാക മാറ്റത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

തിരുവനന്തപുരം: കാലങ്ങളായി ഉപയോഗിച്ചുവന്ന പതാക മാറ്റാനൊരുങ്ങി മുസ്‌ലിം ലീഗ്.നക്ഷത്രവും ചന്ദ്രക്കലയും ആലേഖനം ചെയ്ത പച്ചക്കൊടി മാറ്റുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാകിസ്ഥാന്‍ പതാകയ്ക്ക് സമാനമായ കൊടി മാറ്റണം എന്നുള്ള യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യവും ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡിന്റെ പൊതുതാത്പര്യ ഹര്‍ജിയും പരിഗണിച്ചാണ് പതാക മാറ്റ ആലോചന ലീഗില്‍ ശക്തമായിരിക്കുന്നത്. പച്ചക്കൊടിയിലെ ചന്ദ്രക്കലയും നക്ഷത്രവും ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ല എന്നാണ് യൂത്ത് ലീഗിന്റെ വിലയിരുത്തല്‍. ഇത് പാകിസ്ഥാന്‍ കൊടിയായിട്ടാണ് ഉത്തരേന്ത്യക്കാര്‍ കാണുന്നതെന്നും അവിടങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പതാക മാറ്റം അനിവാര്യമാണെന്നും യൂത്ത് ലീഗ് നിരീക്ഷിക്കുന്നു. 

പാകിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെതുമായി സാമ്യമുള്ള ഇന്ത്യന്‍ മുസ്‌ലിം ലീഗിന്റെ പതാക ഇസ്‌ലാമിക ചിഹ്നമായി ഉപയോഗിക്കുന്നുവെന്നും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്നും ഉത്തര്‍പ്രദേശ് ഷിയ വക്കഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി  നല്‍കിയിരുന്നു.ഷിയ വക്കഫ് ബോര്‍ഡ് ചൈയര്‍മാന്‍ സയ്യിദ്  വസീം റിസ്‌വിയാണ് ഹര്‍ജി നല്‍കിയത്. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് അഭിപ്രായപ്പെട്ടയാളാണ് റിസ്‌വി. മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്നുവെന്നും അടച്ചുപൂട്ടണമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. 

കൊടിയിലെ പച്ചനിറം പാര്‍ട്ടി ഉപേക്ഷിക്കുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ പച്ചനിറം മാറ്റുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. എന്നാല്‍ കൊടിമാറ്റ വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി എംപി ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. പതാക മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് മുഹമ്മദ് ബഷീറിന്റെ പക്ഷം. പത്തുവര്‍ഷക്കാലം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന, കേരള മുഖ്യമന്ത്രിയെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് തങ്ങളുടേത്. അപ്പോഴെല്ലാം ഈ പതാക തന്നെയാണ് ഉപയോഗിത്തത്. ഇപ്പോള്‍ പതാക മാറ്റത്തിന്റ ആവശ്യമെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. 

പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പുതിയ പതാകയുടെ ഡിസൈന്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മുസ്‌ലിം ലീഗിലെ ഒരി എംഎല്‍എ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com