ഫോട്ടോയെടുത്തത് മാവോയിസ്റ്റുകളെ പ്രകോപിതരാക്കി; കുതറിയോടിയപ്പോള്‍ വെടിയുതിര്‍ത്തു: തട്ടിക്കൊണ്ടുപോകലില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ മൊഴി

ഫോട്ടോയെടുത്തതാണ് മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ചതെന്ന് മേപ്പാടിയില്‍ തട്ടിക്കൊണ്ടുപോകലില്‍നിന്ന് രക്ഷപ്പെട്ട മുഹീന്‍ ശൈഖ് പൊലീസിന് മൊഴി നല്‍കി
ഫോട്ടോയെടുത്തത് മാവോയിസ്റ്റുകളെ പ്രകോപിതരാക്കി; കുതറിയോടിയപ്പോള്‍ വെടിയുതിര്‍ത്തു: തട്ടിക്കൊണ്ടുപോകലില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ മൊഴി

കാളികാവ്: ഫോട്ടോയെടുത്തതാണ് മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ചതെന്ന് മേപ്പാടിയില്‍ തട്ടിക്കൊണ്ടുപോകലില്‍നിന്ന് രക്ഷപ്പെട്ട മുഹീന്‍ ശൈഖ് പൊലീസിന് മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് ശൈഖ് വിവരിക്കുന്നതിങ്ങനെ: സാധാരണത്തെപോലെ പണികഴിഞ്ഞു മടങ്ങുകയായിരുന്നു. ആറേമുക്കാലിന് തൊള്ളായിരം ഏക്കറില്‍ ഒരു സ്ത്രീയുള്‍പ്പെടെ അപരിചിതരായ അഞ്ചംഗസംഘത്തെ കണ്ടു. തന്നോടൊപ്പം കൂട്ടുകാരായ അലാവുദ്ദീനും മഹൂഫ് ശൈഖുമുണ്ടായിരുന്നു. അഞ്ചംഗസംഘം തൊഴിലാളികളോട് ഭക്ഷണസാധനങ്ങള്‍ ചോദിക്കുകയായിരുന്നു. 

അപരിചിതസംഘത്തിന്റെ പെരുമാറ്റത്തില്‍ അതൃപ്തി തോന്നിയ ശൈഖും കൂട്ടരും പ്രകോപിതരായി. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും ആയതോടെ ശൈഖ് മൊബൈല്‍ ഫോണില്‍ അഞ്ചംഗസംഘത്തിന്റെ ഫോട്ടോയെടുത്തു. ഇതോടെ രംഗം വഷളായി. മാവോയിസ്റ്റുകള്‍ ശൈഖിന്റെ ഫോണ്‍ തട്ടിപ്പറിക്കുകയും തെറിവിളിക്കുകയും ഭീഷണി മുഴക്കുകയുംചെയ്തു. രംഗം വഷളാവുകയാണെന്ന് കണ്ടതോടെ മുഹീന്‍ ശൈഖ് കുതറിയോടി. മറ്റു രണ്ടുപേര്‍ അഞ്ചംഗസംഘത്തിന്റെ വലയില്‍ അകപ്പെടുകയുംചെയ്തു.

കുതറിയോടിയ മുഹീന്‍ ശൈഖിനെ പിന്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്നും മൊഴിയില്‍ പറയുന്നു. വെടിയൊച്ചകേട്ട് ഓടുന്നതിനിടയില്‍ മറിഞ്ഞു വീണതിനാല്‍ ശൈഖ് രക്ഷപ്പെട്ടു. 

അതേസമയം മാവോയിസ്റ്റ് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അസ്വഭാവികമായി ആരെ കണ്ടാലും പൊലീസില്‍ വിവരമറിയക്കണമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കള്ളാടി 900 ഏക്കറിലും അടുത്ത വനത്തിലും ഇന്നും തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. നിലമ്പൂര്‍ ആനക്കാംപൊയില്‍ പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com