തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് പാഞ്ഞെത്തി; ആത്മഹത്യാശ്രമമെന്ന് പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th July 2018 08:09 AM |
Last Updated: 24th July 2018 08:17 AM | A+A A- |

മലപ്പുറം: ശരീരമാസകലം തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. നിലമ്പൂര്‍ സ്വദേശിയായ ഫവാസാണ് തീപിടിച്ച ശരീരവുമായി ആശുപത്രിയിലേക്ക് പാഞ്ഞെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കാണ് ഇയാള്‍ ഓടിയെത്തിയത്.
ആശുപത്രിക്ക് എതിര്‍വശം സ്ഥിചെയ്യുന്ന പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് ഇയാള്‍ തീപിടിച്ച നിലയില്‍ ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആശുപത്രി ജീവനക്കാരും കണ്ടുനിന്നവരും ചേര്‍ന്ന് തുണികളും മറ്റും ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.
70ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ അടിയന്തര ചികിത്സകള്‍ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഓടിവന്ന കടയുടെ വരാന്തയില്‍ നിന്ന് പെട്രോള്‍ കുപ്പി, തീപട്ടി, റോസാപ്പൂ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു.