ആദ്യ മൂന്ന് പ്രതികള്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാര്‍; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം തയാറായി

സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്
ആദ്യ മൂന്ന് പ്രതികള്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാര്‍; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം തയാറായി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആലുവ റൂറല്‍ മുന്‍ പൊലീസ് മേധാവി എ.വി. ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നു പൊലീസുകാരെ മുഖ്യപ്രതികളാക്കി കുറ്റപത്രം തയ്യാറായതായി റിപ്പോര്‍ട്ട്. വരാപ്പുഴ മുന്‍ എസ്‌ഐ ജി.എസ്. ദീപക് നാലാം പ്രതിയായ കുറ്റപത്രത്തില്‍ പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാമും ഉള്‍പ്പെട്ടിട്ടുണ്ട്. 

സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കാളുകളുമായി ബന്ധപ്പെട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ശ്രീജിത്ത് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തി ഡോക്റ്ററുടെ മൊഴി രേഖപ്പെടുത്തിയ പറവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് സമിത കേസില്‍ സാക്ഷിയാകും.

സംഭവം നടക്കുമ്പോള്‍ ആലുവ റൂറല്‍ പൊലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജ്, ആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്‍ എന്നിവര്‍ പ്രതികളാവില്ല. കേസുമായി ബന്ധപ്പെട്ട് 11 പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. എ.വി. ജോര്‍ജ് സസ്‌പെന്‍ഷനിലാണ്. വരാപ്പുഴ സ്വദേശി വാസുദേവന്റെ മരണത്തിന് പിന്നാലെ വീട് ആക്രമണക്കേസില്‍ പ്രതികളില്‍ ഒരാളായ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് മരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com