മക്കളെ പത്ത് വര്‍ഷത്തോളം വീടിനുള്ളില്‍ പൂട്ടിയിട്ടു: സ്വയം ദിവ്യന്‍ ചമഞ്ഞയാള്‍ക്കെതിരെ കേസെടുത്തു

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മക്കളെ വീടിനു പുറത്തിറക്കാതെ വളര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു.
മക്കളെ പത്ത് വര്‍ഷത്തോളം വീടിനുള്ളില്‍ പൂട്ടിയിട്ടു: സ്വയം ദിവ്യന്‍ ചമഞ്ഞയാള്‍ക്കെതിരെ കേസെടുത്തു

വരാപ്പുഴ: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മക്കളെ വീടിനു പുറത്തിറക്കാതെ വളര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു. വടക്കന്‍ പറവൂരിലാണ് സംഭവം. പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് എന്നയാളും ഭാര്യ രേഖ ലത്തീഫും ചേര്‍ന്നാണ് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. 

പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. അയല്‍വാസികളായൊന്നും കുടുംബത്തിന് യാതൊരു ബന്ധവുമുണ്ടായുന്നില്ല. രാത്രിയില്‍ ഇവരുടെ വീട്ടില്‍ ലൈറ്റ് പോലും തെളിയിച്ചിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒറ്റപ്പെട്ടു കഴിയുന്ന ഇവര്‍ക്കെതിരേ സംശയം തോന്നി പരിസരവാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമാണ് താലൂക്ക് ലീഗല്‍ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന്, ജില്ലാ ലീഗല്‍ അതോറിറ്റി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

അകത്തു നിന്ന് പൂട്ടിയ വീടിന്റെ വാതില്‍ അബ്ദുള്‍ ലത്തീഫ് ആദ്യം തുറക്കാന്‍ സമ്മതിച്ചില്ല. പിന്നീട് പൊലീസ് പൂട്ട് പൊളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ വാതില്‍ തുറക്കാന്‍ തയാറായത്. മൂന്ന് ആണ്‍കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പമാണ് ഇയാള്‍ വീട്ടിനുള്ളില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. 

മാതാപിതാക്കള്‍ പുറത്തേക്ക് പോകുമ്പോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടിയാണ് പോയിരുന്നത്. മൂന്ന് പേരെയും സ്‌കൂളില്‍ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്നാണ് പിതാവ് പറഞ്ഞത്. കുട്ടികള്‍ക്ക് വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്.

ഇയാള്‍ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ പി.എം. മുഹമ്മദാലി ഫൗണ്ടേഷന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പരിസരവാസികളാണ് മൂന്ന് കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ടെന്നും ഇവരെ പുറത്തിറക്കാതെ പൂട്ടിയിട്ടിരിക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് പോലീസ് എത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ജില്ലാ ശിശുസംരക്ഷണ വകുപ്പ് അധികൃതര്‍ ഈ മാസം ആദ്യം ഇവിടെയെത്തി ഇയാളോട് സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com