തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചവരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യത ഉള്ളതിനാൽ മീൻ പിടുത്തക്കാർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, മധ്യമേഖലകളിൽ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. പിറവത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഒമ്പതു സെന്റീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. കൊച്ചി, പെരുന്പാവൂർ, തൊടുപുഴ, മഞ്ചേരി, മൂന്നാർ, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും സാമാന്യം ശക്തിയായി മഴ പെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ