'ഇങ്ങനെ പോയാല്‍ ഓണത്തിന് റേഷന്‍ വിതരണം ചെയ്യില്ല'; ഇ- പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ പ്രതിഷേധവുമായി വ്യാപാരികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th July 2018 11:40 PM |
Last Updated: 25th July 2018 11:40 PM | A+A A- |

തിരുവനന്തപുരം: ഇ- പോസ് സംവിധാനത്തിന്റെ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ഓണത്തിന് റേഷന്‍ വിതരണം ചെയ്യില്ലെന്ന് വ്യാപാരികള്‍. അടുത്തമാസം മുതല്‍ റേഷന്‍ വിതരണം നിര്‍ത്തിവെച്ച് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഓണത്തിനു മുന്‍പ് റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് അംഗീകരിക്കണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇപോസ് സംവിധാനത്തിന്റെ സെര്‍വര്‍ തകരാറിലായത് വിതരണക്കാരെയും നാട്ടുകാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സെര്‍വര്‍ തകരാറ് കാരണം റേഷന്‍ സാധനം വിതരണം ചെയ്യാന്‍ കഴിയാത്തത് പല സ്ഥലങ്ങളിലും തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. തകരാര്‍ പരിഹരിക്കാന്‍ ബദല്‍ സംവീധാനം ഏര്‍പ്പെടുത്തണമെന്ന് നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ പരാതി.
30 ശതമാനം സാധനങ്ങള്‍ ഇ പോസ് സംവിധാനത്തിലൂടെയല്ലാതെ നല്‍കാന്‍ കഴിഞ്ഞാല്‍ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് വ്യാപാരികളുടെ വാദം. വാതില്‍പ്പടി വിതരണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം. ഉദ്യോഗസ്ഥരുടെ അനാവശ്യ സമ്മര്‍ദ്ദവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇത്തവണ ഓണത്തിന് റേഷന്‍ വിതരണം തടസ്സപ്പെടുത്താനാണ് ആലോചന.