ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃത്രിമ ഉപകരണങ്ങള്‍ നീക്കാം; സ്വാഭാവിക മരണം അനുവദിക്കാനുള്ള  ഉത്തരവ് ഉടന്‍

ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃത്രിമ ഉപകരണങ്ങള്‍ നീക്കാം; സ്വാഭാവിക മരണം അനുവദിക്കാനുള്ള  ഉത്തരവ് ഉടന്‍

സ്വാഭാവിക മരണം ഉറപ്പാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് രോഗമില്ലാത്ത അവസ്ഥയില്‍ വില്‍പത്രം തയ്യാറാക്കാവുന്നതാണ്. ഈ വില്‍പത്രം ഏത് സമയത്തും റദ്ദാക്കാനും കഴിയും

തിരുവനന്തപുരം: ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ള സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് സ്വാഭാവിക മരണം അനുവദിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ഡോക്ടര്‍ എംആര്‍ രാജഗോപാല്‍ അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജീവന്‍ തിരിച്ചുകിട്ടാത്ത സാഹചര്യത്തില്‍ വെന്റിലേറ്ററുകളില്‍ ഉള്ള രോഗികള്‍ക്ക് സ്വാഭാവിക മരണം അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനങ്ങളോട് ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.

അത്യാസന്ന നിലയിലേക്ക് രോഗി എത്തുമ്പോള്‍ സ്വാഭാവിക മരണത്തിന്റെ സാധ്യതകളെ കുറിച്ച് ഡോക്ടര്‍ അടുത്ത ബന്ധുക്കളെ അറിയിക്കണം. അവരുടെ അനുവാദം ലഭിച്ചാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പുറമേ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം ചികിത്സാ രേഖകള്‍ പരിശോധിക്കണം.സ്വാഭാവിക മരണം അനുവദിക്കാമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രോഗിയെ സന്ദര്‍ശിച്ച് അന്തിമ അനുമതി നല്‍കണമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. 

 സ്വാഭാവിക മരണം ഉറപ്പാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് രോഗമില്ലാത്ത അവസ്ഥയില്‍ വില്‍പത്രം തയ്യാറാക്കാവുന്നതാണ്. ഈ വില്‍പത്രം ഏത് സമയത്തും റദ്ദാക്കാനും കഴിയും. വില്‍പത്രത്തില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഒപ്പ് ആവശ്യമാണ്.പകര്‍പ്പ് മജിസ്‌ട്രേറ്റിനും അടുത്ത ബന്ധുവിനും നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ വ്യവസ്ഥയുണ്ട്.സ്വാഭാവിക മരണം അനുവദിക്കാമെന്ന് ഡോക്ടര്‍മാരുടെ സമിതി റിപ്പോര്‍ട്ട് ചെയ്താല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രോഗിയെ സന്ദര്‍ശിച്ച് അന്തിമ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വില്‍പത്രം തയ്യാറാക്കി വയ്ക്കാത്ത ഒരാള്‍ പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ അത്യാസന്ന നിലയില്‍ ആണെങ്കില്‍ സ്വാഭാവിക മരണം അനുവദിക്കാന്‍ ബന്ധുക്കള്‍ക്ക് ആവശ്യപ്പെടാം. ചികിത്സിക്കുന്ന ഡോക്ടര്‍ ഇതിന് ആദ്യം അനുമതി നല്‍കുകയും രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ പരിശോധിച്ച് വിലയിരുത്തുകയും ചെയ്ത ശേഷം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ട് കണ്ട് ഉറപ്പ് വരുത്തി അനുമതി നല്‍കിയാല്‍ സ്വാഭാവിക മരണം അനുവദിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com