തെരുവുനായ ഒപ്പം കൂടി; വീട്ടിലേയ്ക്ക് ആരെയും കയറ്റി വിടില്ല; വീട്ടുകാര്‍ക്ക് നായയെ പേടിയും; കൊച്ചിയില്‍ നായ മൂലം വെട്ടിലായ വീട്ടമ്മ  

പെട്ടെന്നൊരുദിവസമാണ് നായ വീട്ടുമുറ്റത്തേക്ക് കയറിവന്നത്.  ഇപ്പോ വീട്ടില്‍ ആരു വന്നാലും വിരട്ടിയോടിക്കും, എങ്ങോട്ടെങ്കിലും ഇറങ്ങിയാല്‍ ഒപ്പമിറങ്ങും 
തെരുവുനായ ഒപ്പം കൂടി; വീട്ടിലേയ്ക്ക് ആരെയും കയറ്റി വിടില്ല; വീട്ടുകാര്‍ക്ക് നായയെ പേടിയും; കൊച്ചിയില്‍ നായ മൂലം വെട്ടിലായ വീട്ടമ്മ  

'നിക്ക് 72വയസ്സായി ഭര്‍ത്താവിന് 79ഉം. ഞങ്ങളെന്തു ചെയ്യാനാ', കൊച്ചി നഗരത്തില്‍ എസ്ആര്‍എം റോഡിലെ മോസ്‌ക് ലെയ്‌നില്‍ താമസിക്കുന്ന സരള രാജഗോപാലിന്റെതാണ് ഈ ചോദ്യം. താമസിക്കാനൊരു വീടില്ലാത്തതോ, മഴയത്ത് വീട്ടുമുറ്റത്തേക്ക് വെള്ളം കയറിയതോ ഒന്നുമല്ല കാര്യം. ഇവരുടെ പ്രശ്‌നം ഒരു തെരുവുനായയാണ്. കുറച്ചുനാള്‍ മുമ്പ് എവിടെനിന്നോ കയറിവന്നതാണ് ഇപ്പോള്‍ വീട്ടില്‍ നിന്നു മാറത്തുമില്ല പുറത്തുനിന്നാരെയും വീട്ടിലേക്ക് കയറ്റത്തുമില്ല. വീട്ടിലുള്ളവര്‍ പുറത്തേക്കിറങ്ങിയാല്‍ അവര്‍ക്കൊപ്പം ഈ നായയും യാത്രയ്ക്കുചേരുന്ന അവസ്ഥ. 

മനസ്സമാധാനം നഷ്ടപ്പെട്ടിട്ട് പത്തു ദിവസത്തോളമായി എന്നാണ് ഈ അമ്മയുടെ വാക്കുകള്‍. നായയെ പുറത്താക്കാന്‍ തങ്ങളാല്‍ കഴിയുന്നവിധമെല്ലാം ശ്രമിച്ചെങ്കിലും ഇവരുടെ ശ്രമങ്ങളൊന്നും വിജയംകണ്ടില്ല. ഇത് ആരെയെങ്കിലും ഉപദ്രവിക്കുമോ എന്ന് പേടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. 

പെട്ടെന്നൊരുദിവസം വീട്ടുമുറ്റത്തേക്ക് കയറിവന്ന തെരുവുനായകളിലൊന്നിന് ഇവരുടെ മകളുടെ മകന്‍ ബിസ്‌ക്കറ്റ് എറിഞ്ഞു കൊടുത്തതോടെയാണ് നായ വീട്ടുകാരോടടുത്തത്. പിന്നെ വീട് വിട്ട് പോയതുമില്ല. ദിവസങ്ങള്‍ പിന്നിടുന്തോറും നായയുടെ ഉപദ്രവം കൂടിവരുകയായിരുന്നു. വെള്ളത്തിന്റെ മീറ്റര്‍ നോക്കാന്‍ വന്നയാള്‍ക്കുനേരെയും വെയ്‌സ്റ്റ് എടുക്കാന്‍ സ്ഥിരമായി വന്നിരുന്ന പെണ്‍കുട്ടിക്കുനേരെയും നായ കുരച്ചുകൊണ്ട് കടിക്കാനാഞ്ഞു. നായയുണ്ടെന്നറിയാതെ പതിവുപോലെ ഗേറ്റുതുറന്നുവന്ന പോസ്റ്റുമാനും വെട്ടിലായി. 

നായ പുറത്തുപോയ തക്കംനോക്കി ഗേറ്റ് പൂട്ടിയിട്ട് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കാര്യം നടന്നില്ല. ഗേറ്റ് ചാടിക്കടന്ന് നായ വീട്ടുമുറ്റത്തെത്തി. അറിയാവുന്നവരോടെല്ലാം ഇതേക്കുറിച്ച് ഇവര്‍ പറഞ്ഞുകഴിഞ്ഞു. പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ വകവയ്ക്കാതെ ഇവര്‍ നേരിട്ടെത്തി കോര്‍പ്പറേഷന്‍ ഓവിസിലും പരാതി കൊടുത്തു. പക്ഷെ കാര്യമുണ്ടായില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിളിച്ചും കാര്യം പറഞ്ഞു. അങ്ങനെ കിട്ടിയ നമ്പറില്‍ ഒരുപാടുപേരെ വിളിച്ചു. എങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. 

ഒരു പട്ടിപിടുത്തക്കാരനെ അന്വേഷിച്ചിട്ടും ആളെ കിട്ടിയിട്ടില്ല. പടക്കംപൊട്ടിച്ചാല്‍ നായ പോകുമെന്ന് ചിലരൊക്കെ പറഞ്ഞതുകേട്ട് ഇനി അതും പരീക്ഷിച്ചുനോക്കാമെന്നാണ് ഈ അമ്മ പറയുന്നത്. ആകെ പുലിവാലുപിടിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആരെങ്കിലും തങ്ങളെ രക്ഷിക്കാന്‍ വരുമെന്നുള്ള പ്രതീക്ഷയിലാണ് ഇവര്‍. പേടിച്ചിട്ട് അമ്പലത്തിലേക്കുപോലും ഇറങ്ങാന്‍ പറ്റാതായി എന്നാണ് ഇവര്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com