ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളുടെ ദുരിതം, ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

ബോട്ടുകള്‍ നാട്ടുകാര്‍ക്ക് ശൗചാലയമാക്കാന്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍
ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളുടെ ദുരിതം, ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

ആലപ്പുഴ: വീടുകളും കിണറും ശൗചാലയങ്ങളുമെല്ലാം മൂടിയ വെള്ളം കുട്ടനാട്ടില്‍ നിന്നും ഇറങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് വേണ്ടി ഹൗസ് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 

ഒന്ന് മൂത്രമൊഴിക്കാന്‍ പോലും ഇരുട്ട് വീഴണം, വെള്ളം പൊങ്ങാത്ത ഉയര്‍ന്ന പ്രദേശങ്ങള്‍ തേടി പോകണം എന്ന അവസ്ഥയ്ക്ക പരിഹാരം തേടിയാണ് ഹൗസ് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം തുടങ്ങിയത്.  എന്നാല്‍ ഹൗസ് ബോട്ട് ഉടമകള്‍ ഇതുമായി സഹകരിക്കുന്നില്ല. 

കൈനകരി, ചമ്പക്കുളം, വട്ടക്കായല്‍, മീനപ്പള്ളി എന്നിവിടങ്ങളിലെ ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ജീവിതം തുടരുന്നത്. ബയോ ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ലാത്തതിനെ തുടര്‍ന്ന് അത് പ്രായോഗികമായില്ല. 

വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഫ്‌ലോട്ടിങ് ടൊയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. എന്നാല്‍ കോടികള്‍ മുടക്കി വിനോദ സഞ്ചാരത്തിനായി സജ്ജീകരിച്ചിരിക്കുന്ന ബോട്ടുകള്‍ നാട്ടുകാര്‍ക്ക് ശൗചാലയമാക്കാന്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍. 

ഉടമകള്‍ സമ്മതിച്ചില്ലാ എങ്കിലും ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുള്ള എന്തും ആവശ്യാനുസരണം ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. 

കുട്ടനാട്ടിലെ 271 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഏറെയും സ്ത്രീകളും വയോധികരുമാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ദുരിതാശ്വാസ ക്യാമ്പുകളോട് ചേര്‍ന്ന് ഹൗസ് ബോട്ടുകള്‍ അടുപ്പിച്ചിടണം എന്ന നിര്‍ദേശം ദുരിതാശ്വാസ കമ്മിഷന്‍ നല്‍കി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com