മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെ അറസ്റ്റ് ചെയ്തു; 'ഗ്ലാസ്‌മേറ്റിനെ' കാണാനെത്തിയ രണ്ട് പേര്‍ സ്റ്റേഷന്‍ ആക്രമിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th July 2018 05:46 AM  |  

Last Updated: 25th July 2018 05:46 AM  |   A+A-   |  

POLICE_STATION

 

കുന്നംകുളം; മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ പൊലീസുകാരനെ കാണാനെത്തിയവര്‍ പൊലീസ് സ്റ്റേഷനില്‍ അക്രമണം അഴിച്ചുവിട്ടു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടാകുന്നത്. കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ കാണാന്‍ മദ്യലഹരിയില്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാക്കളാണ് അക്രമണം നടത്തിയത്.
 
സംഭവവുമായി ബന്ധപ്പെട്ടു ചീരംകുളം സ്വദേശികളായ  വള്ളിക്കാട്ടിരി പ്രദീപ് (30), തോപ്പില്‍ വീട്ടില്‍ കൃഷ്ണ സുജിത്ത് (24), ഹൈവേ പൊലീസുകാരനായ ആര്‍ത്താറ്റ് ചീരംകുളം പണിക്കശേരി വീട്ടില്‍ രാഗേഷ് (32) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ചീരംകുളം ക്ഷേത്രത്തിന് സമീപം പട്രോളിങ്ങിനിടെയാണ് പൊലീസ് രാഗേഷിനെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും  കസ്റ്റഡിയിലെടുത്തു. രാഗേഷിനൊപ്പമിരുന്ന് മദ്യപിച്ചിരുന്ന പ്രദീപും കൃഷ്ണ സുജിത്തും പിന്നിട് സ്‌റ്റേഷനിലെത്തി.

പൊലീസ് സ്റ്റേഷനില്‍ നിന്ന് ബഹളംവെക്കുകയായിരുന്നു. ഇവരുടെ ബഹളം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇവരുടെ ആക്രമണത്തില്‍ കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാരായ ഹരികൃഷ്ണന്‍, ഫാരീസ് എന്നിവര്‍ക്കു പരുക്കേറ്റു. കൂടുതല്‍ പൊലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു. അറസ്റ്റിലായ  രാഗേഷിനെ ജാമ്യത്തില്‍ വിട്ടു. മറ്റു രണ്ടു പേരെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.