മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും; രണ്ടുവര്‍ഷം കൂടുമ്പോള്‍ ഗവര്‍ണര്‍ക്ക് കൈമാറും

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ പരസ്യമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
 മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും; രണ്ടുവര്‍ഷം കൂടുമ്പോള്‍ ഗവര്‍ണര്‍ക്ക് കൈമാറും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ പരസ്യമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എല്ലാ മന്ത്രിമാരുടെയും സ്വത്തുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഈ വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറാനും യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. 

കയ്യേറ്റ പ്രശ്‌നങ്ങള്‍ പഠിക്കാനായി വിഎസ് സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത മൂന്നാര്‍ ട്രൈബ്യൂണല്‍ നിര്‍ത്തലാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ വിലയിരുത്തിയിരുന്നു. നേരത്തെ നടന്ന എല്‍ഡിഎഫ് യോഗത്തില്‍, ട്രൈബ്യൂണല്‍ നിര്‍ത്തലാക്കണം എന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. എന്നാല്‍ സിപിഐ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. സിപിഐയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. 

കാലര്‍ഷക്കെടുതികളുട നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. ഇത് അടുത്ത മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കും. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കഴിയാത്തതുകൊണ്ടാണ് അടുത്ത മന്ത്രിസഭായോഗത്തിലേക്ക് നീട്ടിവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com