കാലവര്‍ഷക്കെടുതി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി കേരള എംപിമാര്‍

പ്രളയക്കെടുതിയില്‍ കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ദുരന്തനിവാരണ വ്യവസ്ഥകളില്‍ ഇളവുനല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി.
കാലവര്‍ഷക്കെടുതി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി കേരള എംപിമാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ദുരന്തനിവാരണ വ്യവസ്ഥകളില്‍ ഇളവുനല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു തള്ളി. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഈയാഴ്ചതന്നെ കേരളം സന്ദര്‍ശിക്കുമെന്നും അതിനുശേഷം നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രമന്ത്രിതല സമിതി തീരുമാനിക്കുമെന്നും കിരണ്‍ റിജ്ജു ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കി. 

ഓഖിദുരന്തം കഴിഞ്ഞ് അഞ്ചുമാസത്തിനുശേഷം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതിയും നേരിട്ട കേരളത്തിന് നഷ്ടപരിഹാര വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്ന്  കേരള എംപിമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി ഇക്കാര്യം അംഗീകരിച്ചില്ല.

അതേസമയം, പ്രളയക്കെടുതി ദുരിതാശ്വാസപ്രവര്‍ത്തനം കേരളത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രളയമേഖലയില്‍ താന്‍ നടത്തിയ സന്ദര്‍ശനത്തില്‍നിന്ന് ഇക്കാര്യം ബോധ്യമായി. ദുരന്തബാധിതരെ സഹായിക്കാന്‍ കേരളവും കേന്ദ്രവും സംയുക്തമായി നീങ്ങും. ഇക്കാര്യത്തില്‍ വിവേചനത്തിന്റെ പ്രശ്‌നമില്ല. വന്‍കെടുതിയാണ് കേരളത്തിലുണ്ടായത്. എന്നാല്‍, 14ാം ധനകാര്യ കമീഷന്റെ മാനദണ്ഡങ്ങള്‍പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല. അതീവ ഗുരുതരസ്വഭാവമുള്ള ദുരന്തമായി മാത്രമേ പ്രഖ്യാപിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയില്‍ ഉണ്ടായ നഷ്ടത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍  കൃഷിമന്ത്രി രാധാമോഹന്‍സിങ്ങും കൃത്യമായ മറുപടി നല്‍കിയില്ല. കുട്ടനാടിന് പ്രത്യേക സഹായം നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അനുകൂല മറുപടി ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ചു. ഇത് ബിജെപി എംപിമാരുമായുള്ള വാക്കേറ്റത്തില്‍ കലാശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com