ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയ നൂറുദ്ദിന്റെ പോസ്റ്റുകള്‍ അപ്രത്യക്ഷമായി;ഒളിവിലെന്ന് സൂചന

ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സൈബര്‍ പോരാട്ടം നയിച്ച യുവാവ് ഫെയ്‌സ്ബുക്കില്‍ നിന്നു പോസ്റ്റുകള്‍ മുക്കി
ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയ നൂറുദ്ദിന്റെ പോസ്റ്റുകള്‍ അപ്രത്യക്ഷമായി;ഒളിവിലെന്ന് സൂചന

കൊച്ചി: പഠനത്തിനും കുടുംബം പുലര്‍ത്താനുമായി കൊച്ചിയില്‍ മീന്‍ വിറ്റ് ശ്രദ്ധനേടിയ തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശി ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സൈബര്‍ പോരാട്ടം നയിച്ച യുവാവ് ഫെയ്‌സ്ബുക്കില്‍ നിന്നു പോസ്റ്റുകള്‍ മുക്കി. വയനാട് സ്വദേശി നൂറുദീന്‍ ഷേക്കാണ് വ്യാജ സൈബര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. 

ഇന്നലെ തമ്മനത്ത് എത്തി ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയപ്പോള്‍ മുതല്‍ ഇയാള്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഈ ദൃശ്യങ്ങള്‍ ലൈവ് ചെയ്തിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനാന്‍ അഭിനയിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. ഇന്നലെ വൈകിട്ട് ഏഴുമുതല്‍ രാത്രി പതിനൊന്നുവരെ ഏട്ടിലധികം ഫെയ്‌സ്ബുക്ക് ലൈവുകളാണ് ഇയാള്‍ നടത്തിയത്. എല്ലാ ലൈവും ഹനാനെ കുറ്റപ്പെടുത്തിക്കെണ്ടുള്ളതായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹനാനെതിരെ രംഗത്ത് വന്നത്. ഈ ലൈവുകള്‍ ഗ്രൂപ്പുകളില്‍ കൊണ്ടു പോയിട്ടും ഇയാള്‍ പെണ്‍കുട്ടിക്കെതിരെ പ്രചരണം നടത്തിയിരുന്നു.

ഇന്നു രാവിലെയും ഇയാള്‍ ഹനാനും സംവിധായകന്‍ അരുണ്‍ ഗോപിക്കെതിരെയും ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ഹനാന്റെ ജീവിതകഥ മാധ്യമങ്ങള്‍ പുറത്ത് എത്തിച്ചതോടെ ഇയാള്‍ പോസ്റ്റുകള്‍ മുക്കുകയായിരുന്നു. ഹനാനെതിരെ വ്യാജ പ്രചരണം നയിച്ച ആള്‍ക്കെതിരെ പൊലീസ് നിരീക്ഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ലൈവുകള്‍ എല്ലാം ഡിലീറ്റ് ചെയ്തത്.

ഇന്നു വൈകിട്ട് തമ്മനത്ത് മീന്‍ വില്‍പ്പന നടത്താനെത്തിയ ഹനാനെ പൊലീസ് തടഞ്ഞിരുന്നു. വഴിയോരത്ത് നടത്തുന്ന മീന്‍ കച്ചവടം വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു പറഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ തടഞ്ഞത്. തുടര്‍ന്ന് അടുത്തുള്ള വീട്ടിലേക്ക് പെണ്‍കുട്ടി കയറി പോകുകയും പിന്നീട് മാധ്യമങ്ങളെ കാണുകയുമായിരുന്നു.

എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.' അക്കൗണ്ടിലേക്ക് വന്ന പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും തന്നെ ജോലി ചെയ്ത് ജീവിക്കാനനുവദിക്കണമെന്നും ഹനാന്‍ പറഞ്ഞു കൂലിപ്പണിയെടുത്ത് ഞാന്‍ ജീവിച്ചോളാം. എന്നെ ടോര്‍ച്ചര്‍ ചെയ്യരുത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ ഹനാന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com