മഴക്കെടുതിയുടെ ദുരിതത്തിന് പിന്നാലെ ഇഴഞ്ഞെത്തിയ 'പാമ്പുഭീതിയില്‍' ഭയപ്പെടേണ്ട; പാമ്പിനെ കണ്ടാല്‍ സഹായത്തിനായി വിളിക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th July 2018 09:40 PM |
Last Updated: 27th July 2018 09:40 PM | A+A A- |

കോട്ടയം: കേരളത്തില്‍ മഴക്കെടുതിയുടെ ദുരിതം പേറുന്ന കുടുംബങ്ങള്‍ പാമ്പുശല്യത്തിന്റെ ഭീതിയിലുമാണ്.ദുരിതമുഖത്തേക്ക് ഇഴഞ്ഞെത്തുന്ന പേടിസ്വപ്നത്തിന് വിരാമമിടാന്‍ വനംവകുപ്പ് തയ്യാറെടുക്കുന്നു. വെള്ളം കയറിയ വീടുകളില്‍ മലവെള്ളത്തില്‍ ഒഴുകി വന്ന വിഷപ്പാമ്പുകളെ പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം. പാമ്പിനെ കണ്ടെത്തിയാല്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കാനാണ് നിര്‍ദേശം.
പാമ്പിനെ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി വനം വകുപ്പിന്റെ ഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നത്. 9847021726 എന്നീ നമ്പറിലാണ് വിളിച്ച് അറിയിക്കേണ്ടത്. വെള്ളം കയറിയ വീടുകളില്‍ പാമ്പുകളുള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ വര്‍ധിച്ച തോതിലുള്ള ശല്യം ഉണ്ടാകാനിടയുള്ളതിനാല്‍ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ കഴിഞ്ഞിരുന്നവരുടെ വീടുകള്‍ രണ്ടാഴ്ചയോളം അടച്ചിട്ട നിലയിലായിരുന്നു. ക്യാമ്പുകളില്‍ താമസം അവസാനിപ്പിച്ച് വീടുകളിലെത്തുന്നവര്‍ ഇഴജന്തുകളുടെ സാന്നിധ്യം മുന്‍കൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ എടുക്കണം. വീടിന്റെ പരിസരത്തും മുറിക്കുള്ളിലും മണ്ണെണ്ണ, ടര്‍പ്പെന്റയിന്‍, വെളുത്തുള്ളി ചതച്ചിട്ട വെള്ളം തുടങ്ങിയവ തളിക്കുകയാണെങ്കില്‍ ഇഴജന്തുക്കള്‍ തനിയെ ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.